
കണ്ണൂർ : തെരുവ് നായ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ട പരിഹാരം നൽകുന്നതിന് സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണം. ഓരോ വർഷവും ലക്ഷക്കണക്കിന് തെരുവ് നായ ആക്രമണം നടക്കുന്ന സംസ്ഥാനമാണ് കേരളം. 2016 സെപ്തംബറിൽ രൂപീകരിച്ച കമ്മിറ്റിക്ക് മുമ്പെ ഇതുവരെയായി 5477 പരാതികളാണ് ആകെ ലഭിച്ചത്.
ഇതിൽ തീർപ്പാക്കിയത്കേവലം 881 എണ്ണം മാത്രവും. ജസ്റ്റിസ് സിരിജഗൻ, ഗവൺമെന്റ് ലോ സെക്രട്ടറി, ഹെൽത്ത് സർവ്വീസ് ഡയറക്ടർ എന്നിങ്ങനെ മൂന്നംഗങ്ങൾ ഉൾപ്പെടുന്നതാണ് കമ്മിറ്റി. കരാർ വ്യവസ്ഥയിൽ ഒന്നും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ രണ്ടുമായി മൂന്ന് ജീവനക്കാർ വേറെയുമുണ്ട്. കമ്മിറ്റി അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് വിവരാവകാശ രേഖ സമർപ്പിച്ചുവെങ്കിലും കൃത്യമായ മറുപടി ലഭ്യമായില്ല.
സിറ്റിംഗിന് കൊച്ചിയിലെത്തണം
നിലവിൽ കൊച്ചിയിൽ മാത്രമാണ് കമ്മിഷൻ സിറ്റിംഗ് ഉള്ളത്. ഉയർന്ന തുക നഷ്ടപരിഹാരം ലഭിക്കുമെങ്കിലും കമ്മിഷൻ മുൻപാകെ പരാതി നൽകാൻ ജനങ്ങൾ മടിക്കുന്നതു തന്നെ കൊച്ചിയിൽ എത്താനുള്ള പ്രയാസം മൂലമാണെന്ന് സൂചനയുണ്ട്. സിരിജഗൻ കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം അതേപടി നൽകണമെന്ന് 2018 ജൂലായ് 16ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ സംവിധാനത്തെ പറ്റി അറിവില്ലാത്തവരാണ് കൂടുതലും.
കഴിഞ്ഞ ആറു വർഷത്തിനിടയിൽ 10 ലക്ഷത്തോളം ആളുകൾക്ക് തെരുവ് നായയുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ വളരെ തുച്ഛമായ ആൾക്കാർ മാത്രമേ സിരിജഗൻ കമ്മിറ്റിക്ക് പരാതി നൽകിയിട്ടുള്ളു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്താൽ മാത്രമേ അർഹരായ എല്ലാവർക്കും ആനുകൂല്യങ്ങൾ ലഭ്യമാവുകയുള്ളു-രാജു വാഴക്കാല വിവരാവകാശ പ്രവർത്തകൻ.
കമ്മിഷന് മുന്നിലെത്തിയത്
വർഷം -പരാതികൾ
2016- 391
2017-660
2018 - 705
2019- 554
2020- 705 ,
2021- 970
2022 - 1492
ആകെ
7 -വർഷം പരാതികൾ- 5477.