വിതുര : മലയോരമേഖലയിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിനെതിരെ അധികൃതർ യാതൊരുവിധ നടപടിയുമെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ അനവധി പേർ മരണപ്പെട്ടിട്ടും കൃഷി വ്യാപകമായി നശിപ്പിച്ചിട്ടും അധികാരികൾ മൗനം പാലിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടുമൃഗങ്ങൾ വിതച്ചത്. കാട്ടാനയ്ക്ക് പുറമെ കാട്ടുപന്നിയും കാട്ടുപോത്തും കരടിയും പുലിയും വരെ നാട്ടിലിറങ്ങി നാശവും ഭീതിയും പരത്തി വിഹരിക്കുന്ന സ്ഥിതിവേശമാണ് നിലവിൽ. മലയോര മേഖലയിൽ വന്യജീവി ശല്യം തടയുന്നതിൽ

വനം വകുപ്പ് പുലർത്തുന്ന അലംഭാവത്തിനെതിരെ താക്കീതുമായി സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ രംഗത്തെത്തിയിരുന്നു. വന്യജീവി ആക്രമണക്കേസുകളിൽ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ വനപാലകർ തിരിഞ്ഞുനോക്കുന്നില്ലെന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ വീടുകളിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി. ആക്രമണത്തിനും കൃഷി നാശത്തിനും നാമമാത്രമായ സഹായമാണ് സർക്കാരിൽ നിന്ന് ലഭിക്കുന്നത്. അതിനും മാസങ്ങളുടെ കാലതാമസമുണ്ട്. പരിക്കേൽക്കുന്നവരുടെ കുടുംബങ്ങൾക്ക് അടിയന്തര സമാശ്വാസ ധനസഹായവും പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കാൻ നടപടി ആവശ്യമാണ്. ജനവാസ മേഖലകളിൽ വന്യജീവികൾ പ്രവേശിക്കുന്നത് തടയാൻ ആനക്കിടങ്ങുകൾ കുഴിക്കുന്നത് മാതൃകാപരമാണെന്നും മാങ്കോട് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറിയോടൊപ്പം സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് റഷീദ്, തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷെമീം പുളിമൂട്, തൊളിക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുതോമസ്, ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി നിതീഷ് പനയ്ക്കോട്, സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം അബ്ദുൽ റഹീം,വളവിൽ അലിയാകുഞ്ഞ് തുടങ്ങിയവരും പങ്കെടുത്തു.

 പ്രദേശവാസികൾ ഭീതിയിൽ

കാലങ്കാവ്, ഓരുക്കുഴി, നവോദയ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന പരാതി വ്യാപകമാണ്. പ്രദേശവാസികളും ഇരുചക്ര വാഹന യാത്രക്കാരും പരാതികൾ നൽകിയിരുന്നു. എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല. നെടുമങ്ങാട്, കാട്ടാകട താലൂക്കുകളിൽ മൂന്ന് മാസത്തിനിടെ നൂറുകണക്കിന് ആളുകൾക്കാണ് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ പലരും വിവിധ ആശുപത്രികളിൽ ഇപ്പോഴും ചികിത്സയിലാണ്. ഉപജീവനത്തിന് മാർഗമില്ലാതെ അവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ വനപാലകർ തിരിഞ്ഞുനോക്കുന്നില്ല. വനാതിർത്തി പ്രദേശങ്ങളിലെ താമസക്കാരും ഭീതിയിലാണ്. വീടുകളിൽ അന്തിയുറങ്ങാനോ കൃഷി ഇടങ്ങളിൽ മന: സമാധാനത്തോടെ പണിയെടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് അവിടെയുള്ള പ്രദേശവാസികൾ.

 സൗരോർജവേലിയും ആനക്കിടങ്ങും

ആനക്കിടങ്ങുകളും ശാസ്ത്രീയമായി സ്ഥാപിക്കുന്ന സൗരോർജ്ജ വേലികളും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണം, തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രത സമിതികൾ എന്നിവ സജീവമാക്കണം. ജാഗ്രത സമിതികൾ വിളിച്ചു ചേർക്കുന്നതിൽ

വനംവകുപ്പ് പുലർത്തുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.