നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം എന്ന കെ.കെ.സുധാകരന്റെ നോവലാണ് പദ്മരാജൻ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയാക്കിയത് . നോവലും സിനിമയും ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്.തന്റെ രചനകളെ സ്വാധീനിച്ച ക്രിസ്മസ് കാലത്തേക്കുറിച്ച് എഴുതുകയാണ് മലയാളത്തിലെ ജനപ്രിയ കഥാകാരനായ കെ.കെ.സുധാകരൻ.

ജോണിച്ചായൻ രണ്ടു ഗ്ളാസെടുത്ത് ഓരോ കഷണം ഐസ് അതിലിട്ടു. പിന്നെ ഐസിനു മീതേ വിസ്കി വീഴ്ത്തി. ഒന്നിൽ ചെറിയ അളവിൽ. മറ്റേതിൽ കൂടുതൽ അളവിൽ.
ആദ്യത്തേതിൽ ധാരാളം ഐസ് വാട്ടർ ചേർത്ത് എനിക്കു നീട്ടി.
ചിയേഴ്സ്.
മെറി ക്രിസ്മസ്.
ഹാപ്പി ക്രിസ്മസ്.
ജോണിച്ചായൻ ജാലകം മലർക്കെ തുറന്നുവച്ചു.
അടുത്തവീടായ പെരിവിങ്കിളിന്റെ മുകളിലത്തെ മുറിയിൽ പ്രകാശമുണ്ട്. പാതി ഉയർത്തിവച്ച തിരശ്ശീലക്കുള്ളിലൂടെ ഒരു നിഴൽ കാണാം. അത് സോഫിയ ആകാം. അല്ലെങ്കിൽ എലിസബത്ത്. ഉറപ്പില്ല.
അപ്പോൾ ഒന്നും ഉറപ്പില്ലായിരുന്നു എനിക്ക്.
ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് പിന്നെ ജോണിച്ചായൻ പറഞ്ഞത്.
ഞാൻ കേട്ടത് തെറ്റിയോ? ഇല്ല.
''ആന്റണി ബൈബിളെടുത്ത് വായിക്കൂ.""
ഗ്ളാസ് മേശപ്പുറത്തു വച്ചിട്ട് ഷെൽഫിൽ നിന്ന് കറുത്ത തുകൽച്ചട്ടയിട്ട വേദപുസ്തകം നിവർത്തി അല്പം പ്രയാസപ്പെട്ടാണെങ്കിലും ആദ്യം കണ്ട വാക്യം ഞാൻ വായിച്ചു.
''നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം. അവിടെ വച്ച് ഞാൻ നിനക്ക് എന്റെ പ്രേമം തരും.""
എന്റെ രണ്ടാമത്തെ നോവലായ 'നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം" എന്ന കൃതിയിലെ ഒരു ഭാഗമാണിത്. ക്രിസ്തീയ സാഹചര്യങ്ങളുമായി അരികുചേർന്നു നിൽക്കുന്ന ഒരു നോവലാണിത്. അതെഴുതാൻ എന്നെ സഹായിച്ചത് കുട്ടിക്കാലം മുതലുള്ള എന്റെ ജീവിതാനുഭവങ്ങളാണെന്ന് തോന്നുന്നു.
മാവേലിക്കരയിലെ കല്ലുമല എന്ന ഗ്രാമപ്രദേശത്താണ് ഞാൻ ജനിച്ചത്. തൊട്ടയൽപക്കം മിക്കതും ക്രിസ്തീയ ഭവനങ്ങൾ. അവിടത്തെ കുട്ടികളായിരുന്നു എന്റെ കളിക്കൂട്ടുകാർ. ആ വീടുകളിലെ നിത്യസന്ദർശകനായിരുന്നു ഞാൻ.
പഠിച്ചത് വീടിനടുത്തുള്ള സി.എം.എസ് എൽ.പി സ്കൂൾ. ഇരുന്നൂറു വർഷത്തെ ചരിത്രമുള്ള സ്കൂളാണത്. സ്കൂളിനോട് ചേർന്ന് സെന്റ് പോൾസ് പള്ളി. റോഡിനോട് ചേർന്ന് ശവക്കോട്ട.
നാലാം ക്ളാസിൽ പഠിക്കുമ്പോൾ വൈകുന്നേരം കല്ലുമല മുക്കിലുള്ള പലചരക്കുപീടികയിൽ നിന്ന് പഞ്ചസാരയോ തീപ്പെട്ടിയോ ബാർസോപ്പോ വാങ്ങാൻ അമ്മ പലപ്പോഴുമൊക്കെ എന്നെ വിടും. തിരിച്ചുവരുമ്പോൾ പകൽവെളിച്ചം മങ്ങിയിരിക്കും. റോഡിൽ ആരും കാണില്ല. ശവക്കോട്ടയുടെ അടുത്തെത്തുമ്പോൾ പേടിച്ച് ഒറ്റയോട്ടമാണ്.
കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകൾ ഇപ്പോഴും എന്നെ ആഹ്ളാദിപ്പിക്കുന്നു. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് സ്കൂളടയ്ക്കുന്നതിനു മുമ്പുതന്നെ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും.
ക്രിസ്മസ് വിളക്ക് ഉണ്ടാക്കുന്നതാണ് അതിൽ പ്രധാനം. ടൗണിലെ പുതിയകാവ് എന്ന സ്ഥലത്ത് ഒരു പോത്തൻസ് സ്റ്റോർ ഉണ്ട്. ഞങ്ങൾ കുട്ടികൾ നേരെ അവിടേക്ക് വച്ചുപിടിക്കും. അവിടെ പല നിറത്തിലുള്ള വർണക്കടലാസ് കിട്ടും. സ്റ്റാർ ഉണ്ടാക്കാൻ ഉത്തമം.
ചുവപ്പ് അല്ലെങ്കിൽ മഞ്ഞനിറത്തിലുള്ള കടലാസാണ് ഞങ്ങൾ വാങ്ങുക. വീട്ടിൽ വണ്ണം കുറഞ്ഞ ഈറ്റ വാങ്ങിവച്ചിട്ടുണ്ടാവും. മൂർച്ചയുള്ള കത്തികൊണ്ട് ഈറ്റ കീറി രണ്ടടി നീളമുള്ള പത്ത് കഷണങ്ങൾ മുറിച്ചെടുക്കും. അഞ്ചുവീതം കഷണങ്ങൾ നക്ഷത്രത്തിന്റെ ആകൃതിയിൽ ട്വൈൻ കൊണ്ട് മുറുക്കിക്കെട്ടി ഉണ്ടാക്കും. ഇതുപോലെ മറ്റൊരെണ്ണം കൂടി ഉണ്ടാക്കി രണ്ടും ചേർത്തുവച്ച് വീണ്ടും കെട്ടിയിട്ട് അരയടി നീളമുള്ള ഒരു കഷണം രണ്ടിന്റെയും ഇടയിൽ തിരുകി വച്ചാൽ നക്ഷത്രവിളക്കിന്റെ മോഡൽ റെഡിയായി.
വർണക്കടലാസുകൾ കൃത്യമായ രൂപത്തിൽ വെട്ടിയെടുത്ത് ഒട്ടിച്ചുകഴിഞ്ഞാൽ ക്രിസ്മസ് സ്റ്റാർ ഉണ്ടായിക്കഴിഞ്ഞു. നടുവിന് കുറുകെ വച്ച ഈറ്റക്കഷണത്തിൽ ഒരു മെഴുകുതിരി കത്തിച്ചുവച്ചിട്ട് സന്ധ്യയാകുമ്പോൾ വീടിന്റെ മുന്നിലുള്ള മരക്കൊമ്പിൽ തൂക്കിയിടും. അല്ലെങ്കിൽ വീടിന്റെ മേൽക്കൂരയുടെ മുകളിൽ പൊക്കമുള്ള ഒരു മരക്കമ്പ് നാട്ടി അതിൽ ഉറപ്പിക്കും. ഇന്നത്തെപ്പോലെ കടയിൽ നിന്ന് വാങ്ങി വീടിന്റെ മുമ്പിൽ തൂക്കിയിടുന്ന നക്ഷത്രമായിരുന്നില്ല അത്. മെഴുകുതിരിയുടെ നാളം മെല്ലെ ആടിയുലയുമ്പോൾ ജീവനുള്ള നക്ഷത്രമാകും അത്.
ക്രിസ്മസിന് അക്കാലത്ത് കള്ളപ്പവും കോഴിയിറച്ചിയും പ്രധാനമായിരുന്നു ഞങ്ങളുടെ നാട്ടിൽ. ക്രിസ്മസിന് കറിവയ്ക്കാനായി നേരത്തേതന്നെ ഒരു പൂവൻകോഴിയെ തയ്യാറാക്കി നിർത്തിയിട്ടുണ്ടാവും മിക്ക വീടുകളിലും. അസ്സൽ തെങ്ങിൻകള്ള് ഉപയോഗിച്ചാണ് കള്ളപ്പം അഥവാ വെള്ളയപ്പം ഉണ്ടാക്കുന്നത്.
ചില വീടുകളിൽ അന്ന് പറമ്പിലുള്ള ഒന്നോ രണ്ടോ തെങ്ങ് ചെത്താൻ കൊടുത്തിട്ടുണ്ടാവും. വീട്ടിലെ അമ്മച്ചി ചോദിച്ചാൽ ചെത്തുകാരൻ ഭാസ്ക്കരൻ അന്തിക്കള്ളെടുക്കാൻ വരുമ്പോൾ അപ്പമുണ്ടാക്കാൻ ഒരു ഗ്ളാസ് ഒഴിച്ചുകൊടുക്കും.
ചെത്തില്ലാത്ത വീടുകളിൽ അപ്പമുണ്ടാക്കാൻ കള്ളു വാങ്ങാൻ ഞങ്ങൾ കുട്ടികളെയാണ് കുപ്പിയും തന്ന് വിടുന്നത്. കല്ലുമലയിൽ അന്ന് ഒരു കള്ളുഷാപ്പുണ്ട്. ഓലമേഞ്ഞ് പലകയടിച്ച ഷാപ്പ്. ഞങ്ങൾ കുപ്പിയുമായി ഷാപ്പിന്റെ വാതിലിനടുത്തുചെന്നു നിൽക്കും. വിളമ്പുകാരൻ വന്ന് കാശും കുപ്പിയും വാങ്ങിക്കൊണ്ടുപോകും. ഞങ്ങൾക്ക് പരിചയമുള്ള അപ്പാപ്പൻമാരും അമ്മാവൻമാരും അവിടിരുന്ന് കള്ളുകുടിക്കുന്നത് കാണാൻ പറ്റും. കുപ്പിനിറയെ കിട്ടിയ കള്ളുമായി ഞങ്ങൾ വീട്ടിലേക്കു പോകും.
ക്രിസ്മിന്റെ അന്ന് ഉച്ചയൂണിന് ബീഫ് വരട്ടിയത് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്. കല്ലുമല ചന്തയിൽ അന്ന് രാപകൽ ഭേദമില്ലാതെ ഇറച്ചിക്കട തുറന്നിരിക്കും. വെളുത്ത് നല്ല ഉയരമുള്ള ശരീരവും വിരിഞ്ഞ മാറിടവുമുള്ള പാപ്പിയാണ് കടയുടമ. മടക്കിക്കുത്തിയ കൈലി മാത്രമാണ് അയാളുടെ വേഷം. ചാരായം കുടിച്ചു ചുവന്ന കണ്ണുകളും കൊമ്പൻ മീശയും കണ്ടാൽത്തന്നെ പേടിയാകും. തൊലിയുരിച്ചു കെട്ടിത്തൂക്കിയ കാളയുടെ മാംസം അരിഞ്ഞെടുത്ത് തുലാസിൽ തൂക്കി ചേമ്പിലയിൽ പൊതിഞ്ഞുകെട്ടി അയാൾ തരും.
ക്രിസ്മസിന്റെ ഒരാഴ്ചമുമ്പുതന്നെ കരോൾ ഗായകസംഘം എല്ലാ രാത്രികളും ഭവനസന്ദർശനത്തിന് എത്തും. 'ബേത്ലഹേമിലെ കാലിത്തൊഴുത്തിൽ യേശു പിറന്നു ഉണ്ണിയേശു പിറന്നു..." എന്നൊക്കെയുള്ള പാട്ടുകൾ പാടി ചെവിതുളക്കുന്ന ശബ്ദത്തിൽ ഡ്രമ്മടിച്ചു മുഴക്കി ക്രിസ്മസ് ഫാദർ സഹിതം അവർ വരും.
എല്ലാ രാത്രികളിലും ഞങ്ങൾ പടക്കം പൊട്ടിക്കും. ചൈനീസ് പടക്കങ്ങളെക്കുറിച്ച് അന്ന് കേട്ടറിവുപോലുമില്ല. ഓലപ്പടക്കമാണ് പ്രധാനം. അതുകൂടാതെ കമ്പിത്തിരി, കുടച്ചക്രം, എലിവാണം, പൂത്തിരി എ ന്നിവ ഉണ്ടാവും. നേരം പുലരും വരെ അവിടവിടെ പടക്കങ്ങൾ പൊട്ടിക്കൊ ണ്ടിരിക്കും.
ക്രിസ്മസ് നക്ഷത്രം അപ്പോഴും എല്ലാ ഭവനങ്ങളുടെയും മുകളിൽ പ്രഭ പരത്തിക്കൊണ്ട് കണ്ണുചിമ്മി നിൽക്കുന്നുണ്ടാവും.െറോദേസ് രാജാവിന്റെ കാലത്ത് യൂദായിലെ ബേത്ലഹേമിൽ യേശു ജനിച്ചപ്പോൾ പൗരസ്ത്യദേശത്തുനിന്ന് ജ്ഞാനികൾ ജറുസലേമിലെത്തി. അവർ അന്വേഷിച്ചു: എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ? കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്...
ആ പ്രദേശത്തെ വയലുകളിൽ ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. ദൂതൻ അവരോട് പറഞ്ഞു: ഭയപ്പെടണ്ടാ. ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം.
കുട്ടിക്കാലത്തെ എന്റെ കൂട്ടുകാരൊന്നും ഇപ്പോൾ നാട്ടിലില്ല. ചിലർ അമേരിക്കയിൽ കുടിയേറിപ്പാർത്തിരിക്കുന്നു. മറ്റുചിലർ ഗൾഫ് നാടുകളിലുമാണ്. അവരുടെ അപ്പനമ്മമാർ ഈ ലോകം വിട്ടുപോയി. അവരുടെ ചുവരുകൾ തേക്കാത്ത ഓടിട്ട വീടുകൾ ഇന്നില്ല. പകരം വലിയ ഇരുനില വീടുകൾ അവിടെ ഉയർന്നിരിക്കുന്നു. മുമ്പ് പറമ്പുകൾക്ക് അതിരുകളോ വേലിയോ ഉണ്ടായിരുന്നില്ല. ആർക്കും യഥേഷ്ടം എപ്പോൾ വേണമെങ്കിലും തടസമില്ലാതെ ഏതു വീട്ടിലേക്കും ചെല്ലാമായിരുന്നു. ഇപ്പോൾ വീടുകൾക്കു ചുറ്റും ഉയരമുള്ള മതിലുകളുണ്ട്. ഗേറ്റുകൾ പൂട്ടിക്കിടക്കുന്നു.
ആ പഴയ ക്രിസ്മസ് കാലം ഇനി മടങ്ങിവരില്ല. ആരും ക്രിസ്മസ് കാർഡുകൾ അയക്കാറില്ല. അവ കിട്ടുന്നതും പ്രതീക്ഷിച്ച് പോസ്റ്റ്മാനെ കാത്ത് ഇരിക്കാറുമില്ല. എങ്കിലും ആഘോഷങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. കൂടുതൽ പൊലിമയോടെ വർണാഭ നിറഞ്ഞ ക്രിസ്മസ് ലോകം മുഴുവൻ ആഘോഷിക്കുന്നു. നേർത്ത മഞ്ഞുപെയ്യുന്ന രാത്രികളിൽ കരോൾ ഗായകർ ഉണ്ണിയേശുവിന്റെ ജനനം പ്രകീർത്തിച്ചുകൊണ്ട് നടന്നുനീങ്ങുന്നു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
(ഫോൺ: 9447456179)