തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് പുതുവത്സര ഫെയറുകൾ ഇന്ന് വൈകിട്ട് 4.30ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിലിന്റെ അദ്ധ്യക്ഷതയിൽ ആദ്യ വില്പന മന്ത്രി ആന്റണി രാജു നിർവഹിക്കും. സ്റ്റാളുകൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 2023 ജനുവരി രണ്ട് വരെ രാവിലെ 10മുതൽ രാത്രി 8വരെയാണ് സപ്ലൈകോ ഫെയർ പ്രവർത്തിക്കുന്നത്. സപ്ലൈകോ വില്പനശാലകളിൽ നിന്നോ സപ്ലൈകോ ഫെയറുകളിൽ നിന്നോ 20 മുതൽ ജനുവരി രണ്ട് വരെ 3000 രൂപയിൽ അധികം തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിയാകുന്ന ഒരു പുരുഷനും ഒരു സ്ത്രീക്കും ഒരു ഗ്രാം വീതം സ്വർണനാണയം നൽകും. സപ്ലൈകോയുടെ 500ലധികം സൂപ്പർമാർക്കറ്റുകളും 40 പീപ്പിൾസ് ബസാറുകളും 6 ഹൈപ്പർമാർക്കറ്റുകളും ക്രിസ്മസ് പുതുവത്സര ഫെയറുകളായി പ്രവർത്തിക്കും.