images

മുൻ കോൺ.എം.എൽ.എയുടെ ഭാര്യയുടെ റാങ്ക് 8ൽ നിന്ന് 17ലേക്ക്

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള പരീക്ഷയിൽ ഉയർന്ന

റാങ്ക് നേടിയ പലരും അഭിമുഖം കഴിഞ്ഞപ്പോൾ പിന്നോട്ട്.

മലയാളം വിഭാഗത്തിൽ ഗവേഷണത്തിന് 9 ഒഴിവാണുണ്ടായിരുന്നത്. പ്രവേശന പരീക്ഷയിൽ എട്ടാം റാങ്ക് ലഭിച്ച മുൻ കോൺഗ്രസ് എം.എൽ.എയുടെ ഭാര്യയ്ക്ക് അഭിമുഖം കഴിഞ്ഞതോടെ റാങ്ക് 17ആയി. രണ്ടാം റാങ്ക് ജേതാവ് പതിനഞ്ചാം സ്ഥാനത്തും, മൂന്നാം റാങ്ക് ജേതാവ് ഒമ്പതാം സ്ഥാനത്തും നാലാം റാങ്ക് 36 -ാം സ്ഥാനത്തുമായി ഏഴാം റാങ്കുകാരൻ 33-ാമതായി. അതേസമയം, അഞ്ചാം റാങ്ക് ജേതാവ് ഒന്നാം സ്ഥാനത്തും, പത്തൊമ്പതാം റാങ്കുകാരൻ നാലാമതും, പതിനാലാം റാങ്കുകാരൻ ആറാമത്തും പതിനഞ്ചാം റാങ്കുകാരൻ

ഏഴാമതുമെത്തി. റാങ്ക് പട്ടിക അട്ടിമറിച്ച സാഹചര്യത്തിൽ പ്രവേശന നടപടികൾ നിറുത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.

നൂറ് മാർക്കിന്റെ പ്രവേശന പരീക്ഷയിൽ വിജയിച്ചവരെയാണ് അഭിമുഖത്തിന് വിളിച്ചത്. മലയാളം വകുപ്പ് മേധാവി ലിസി മാത്യു, ഡോ. സുനിൽ.പി.ഇളയിടം എന്നിവരടക്കം ഏഴു പേരുടെ അഭിമുഖ സമിതിയാണ് അന്തിമ റാങ്ക് പട്ടികയുണ്ടാക്കിയത്. യുജിസി ചട്ടപ്രകാരം പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ 70 ശതമാനത്തോടൊപ്പം ഇന്റർവ്യൂവിന്റെ 30% മാർക്ക്‌ കൂട്ടിച്ചേർത്താണ് അവസാന റാങ്ക് പട്ടിക തയ്യാറാക്കേണ്ടത്. എന്നാൽ, പ്രവേശന പരീക്ഷയുടെ മാർക്ക്‌ പൂർണമായി അവഗണിച്ച് ഇന്റർവ്യൂ ബോർഡ് റാങ്ക് പട്ടിക തയ്യാറാക്കിയതോടെ, പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചവർ തഴയപ്പെട്ടു. പി എച്ച് ഡി പ്രവേശനത്തിൽ യുജിസി ചട്ടം അതേപടി പാലിക്കണമെന്നും, പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തണമെന്നുമുള്ള അക്കാഡമിക് കൗൺസിൽ തീരുമാനം മരവിപ്പിച്ച ശേഷമാണ് ,ചട്ടവിരുദ്ധമായി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ വിസി അനുമതി നൽകിയത്. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസ ഫെല്ലോഷിപ്പ് ലഭിക്കും.

എം.എസ്.ഡബ്ളിയു ബിരുദധാരിയും, എസ്.എഫ്.ഐ നേതാവുമായ മുൻ സിൻഡിക്കേറ്റംഗത്തിന് ചട്ടവിരുദ്ധമായി മാനുസ്ക്രിപ്റ്റോളജിയിൽ അധിക സീറ്റിൽ പ്രവേശനം നൽകിയതായും ഗവർണർക്ക് പരാതി ലഭിച്ചു.