തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നല്കി. ഇന്നലെ രാവിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ അഡ്വ.ഷാനിബാ ബീഗത്തിന്റെ നേതൃത്വത്തിലാണ് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയത്.സംഭവം പുറത്തുകൊണ്ടുവന്ന കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹനും ഒപ്പമുണ്ടായിരുന്നു. മകളെ വാരിയെടുത്ത് ഉമ്മ കൊടുത്ത് നിറകണ്ണുകളോടെ എല്ലാവർക്കും നന്ദി പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ടവർ മടങ്ങിയത്. ഡി.എൻ.എ ടെസ്റ്റും സോഷ്യൽ ഇൻവെസ്റ്റിഗേറ്റിംഗ് സ്റ്റഡിയും നടത്തിയ ശേഷമാണ് കുട്ടിയെ കൈമാറിയത്. ശിശുക്ഷേമസമിതിയിൽ നിന്ന് കുട്ടിയുടെ ഫോളോ അപ്പുണ്ടാകും.

ഇക്കഴിഞ്ഞ ജൂലായ് 17നാണ് ആലുവ സ്വദേശികളായ മാതാപിതാക്കൾ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചത്. പ്രണയകാലത്തെ ഗർഭം ഒളിപ്പിച്ചുവച്ച് ഇരുവരും വിവാഹിതരായെങ്കിലും ഇക്കാര്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. തിരുവനന്തപുരത്ത് വീട് വാടകയ്ക്കെടുത്ത് താമസമാക്കി. പ്രസവവും ഇവിടെയായിരുന്നു. ഒന്നര മാസത്തോളം ഇരുവരും മകളെ കൊഞ്ചിച്ചു. പിന്നീടാണ് അമ്മതൊട്ടിലിൽ ഉപേക്ഷിച്ചത്. മകളെ തിരികെ ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കവേയാണ് വീട്ടുകാരോട് കാര്യങ്ങൾ ധരിപ്പിച്ചത്.