
തിരുവനന്തപുരം: കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി വകുപ്പിന് ഒരു കോടി രൂപയുടെ (110,427 യൂറോ) പ്രോജക്ട് ലഭിച്ചു. സമുദ്രത്തിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ നിർമ്മാർജ്ജനം,കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ സംവിധാനമുണ്ടാക്കൽ എന്നിവയ്ക്കാണിത്. യൂറോപ്യൻ യൂണിയന്റെ പ്രശസ്തമായ ഇറാസ്മുസ് പ്രോഗ്രാം വഴിയാണ് പ്രോജക്ട് നടപ്പാക്കുക. യൂറോപ്പിലെയും ഏഷ്യയിലെയും ആറ് രാജ്യങ്ങളിൽ നിന്നുള്ള 9 സ്ഥാപനങ്ങൾ പങ്കാളികളാവും. ഇതിലൂടെ ഇന്ത്യ,മലേഷ്യ എന്നിവിടങ്ങളിലെ മറൈൻ കൺസർവേഷൻ മോണിട്ടറിംഗ് ലാബുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.
പ്രോജക്ടിന്റെ ഭാഗമായി കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം സമുദ്ര നിരീക്ഷണത്തിനുള്ള മറൈൻ മോണിട്ടറിംഗ് ലാബ് സ്ഥാപിക്കും. യൂറോപ്യൻ സ്ഥാപനങ്ങളുമായുള്ള നെറ്റ്‌വർക്കിംഗ്,വിദഗ്ദ്ധരുടെ പരിശീലനം എന്നിവ സർവകലാശാലയിലെ അദ്ധ്യാപകർക്കും ഗവേഷകർക്കും ഉറപ്പാക്കും. സമുദ്രശാസ്ത്ര മേഖലയിലെ ഗവേഷകർക്കായി ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാനുള്ള പദ്ധതിയിലും കേരള സർവകലാശാല പങ്കാളിയാവും. പദ്ധതിയുടെ ഏകോപനത്തിനായി സൈപ്രസ് സർവകലാശാലയുമായി കേരള സർവകലാശാല ധാരണാപത്രം ഒപ്പിട്ടു.
സ്പെയിനിലെ ഒവിഡോ സർവകലാശാലയിലെ പരിശീലനത്തിൽ കേരള വാഴ്സിറ്റിയിലെ അദ്ധ്യാപകർ പങ്കെടുത്തു. അന്തിമഘട്ട പരിശീലനം ഗ്രീസിലെ വാഴ്സിറ്റിയിലായിരിക്കുമെന്ന് അക്വാട്ടിക് ബയോളജി വകുപ്പ് മേധാവിയും പ്രോജക്ട് ലീഡറുമായ ഡോ.ബിജുകുമാർ പറഞ്ഞു. യൂറോപ്പിൽ നിന്ന് സൈപ്രസ് സർവകലാശാല,സ്പെയിനിലെ ഒഡീവോ സർവകലാശാല,ഗ്രീസിലെ ആർക്കിപെലാഗോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മറൈൻ കൺസർവേഷൻ,ഗ്രീസിലെ സിംപ്ലെക്സിസ്,ജർമ്മിനിയിലെ ആഗ കൺസൾട്ട് എന്നിവയും ഏഷ്യയിൽ നിന്ന് ആന്ധ്രാ സർവകലാശാല,മലേഷ്യയിലെ യൂണിവേഴ്സിറ്റി മലേഷ്യ തെരെംഗാനു,യൂണിവേഴ്സിറ്റി കെബാങ്സാൻ എന്നീ സ്ഥാപനങ്ങളും പ്രോജക്ടിന്റെ ഭാഗമാവും.