swami-sachidananda

ശിവഗിരി: അനുകമ്പയുടെ മ‌ർത്യാകാരാമാണ് ശ്രീനാരായണ ഗുരുദേവനെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഓരോ ഗുരുക്കന്മാരും കാലഘട്ടത്തിന്റെ സവിശേഷത ഉൾക്കൊണ്ട് ഏതെങ്കിലും ഒരു ധർമ്മത്തിന് മുഖ്യത നൽകും. കൃഷ്ണൻ കമ്മയോഗത്തിനും ,ബുദ്ധൻ അഹിംസയ്ക്കും ,യേശുക്രിസ്തു സ്നേഹത്തിനും ,മുഹമ്മദ്നബി സാഹോദര്യത്തിനും, ശ്രീശങ്കരൻ ജ്ഞാനത്തിനും മുഖ്യത കല്പിച്ചതു പോലെ, ഗുരുദേവൻ അനുകമ്പയ്ക്കാണ് പ്രാധാന്യം നൽകിയത്. ആർദ്രമായ അനുകമ്പയിൽ മതങ്ങളെയും തത്വദർശനങ്ങളെയും ഗുരുക്കന്മാരെയും സമന്വയിപ്പിച്ച് രചിച്ച കൃതിയാണ് അനുകമ്പാദശകം. മറ്റു ഗുരുക്കന്മാർ പരമ്പരാഗതമായ വേദമന്ത്രങ്ങൾ ജപിക്കാൻ ഉപദേശിച്ചപ്പോൾ, അരുളുളളവനാണ്

ജീവിയെന്ന പുതിയൊരു നവാക്ഷരീ മന്ത്രം ഗുരുദേവൻ ഉപദേശിച്ചു. ആട് മാടുകളെപ്പോലെ സ്വന്തം മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്തുന്ന ഇക്കാലത്ത് ഗുരുദേവൻ ഉപദേശിച്ച നവാക്ഷരീ മന്ത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. ഒരു പീഢയെറുമ്പിനും വരുത്തരുതെന്ന് ഉപദേശിക്കുന്ന മഹാഗുരു ,എല്ലാവരും ആത്മസഹോദരരെന്ന് ഉപദേശിച്ചുകൊണ്ട് അനുകമ്പാ ദർശനം ജനഹൃദയങ്ങളിൽ സന്നിവേശിപ്പിച്ചു. ഈ അനുകമ്പാ ദശകം സ്വയം ആചരിക്കാനും, പ്രചരിപ്പിക്കാനും ശ്രീനാരായണ സമൂഹം ബദ്ധശ്രദ്ധരാകണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ഫോട്ടോ: ശിവഗിരിമഠത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസം പ്രഭാഷണത്തിനു മുമ്പായി സ്വാമി സച്ചിദാനന്ദ ദീപാർപ്പണം നടത്തുന്നു. ശിവഗിരിമഠം പി.ആർ.ഒ ഇ.എം സോമനാഥൻ സമീപം.