p

തിരുവനന്തപുരം: കെ.പി.സി.സിക്ക് കീഴിൽ നെയ്യാർഡാമിലുള്ള പഠന ഗവേഷണ കേന്ദ്രമായ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ അദ്ധ്യക്ഷ പദത്തിൽ നിന്ന് രമേശ് ചെന്നിത്തല ഒഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പുതിയ അദ്ധ്യക്ഷനാകും.

. കഴിഞ്ഞ ദിവസത്തെ കെ.പി.സി.സി ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ പദവി ഒഴിയാൻ രമേശ് ചെന്നിത്തല സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി നിർബന്ധത്തെ തുടർന്ന് തുടരുകയായിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടർ ഷിജു കഴിഞ്ഞ ദിവസം സ്ഥാനം രാജി വച്ചിരുന്നു .രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കട ബാദ്ധ്യതയും കെ.പി.സി.സി യോഗത്തിൽ ചർച്ചയായി. ഇതും ഏറ്റെടുക്കാനാണ് ധാരണ. സ്ഥാപനത്തിന്റെ ഗവേണിംഗ് കൗൺസിൽ പുന:സംഘടിപ്പിച്ചു. നിലവിലെ അംഗങ്ങൾക്ക് പുറമേ, കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രനെയും സംഘടനാ ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണനെയും ഉൾപ്പെടുത്തി.

രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കെയാണ് രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭം. മുതിർന്ന നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, ഉമ്മൻ ചാണ്ടി, ധനകാര്യ വിദഗ്ദ്ധൻ ഡോ.ബി.എ. പ്രകാശ് തുടങ്ങിയവർ ഗവേണിംഗ് കൗൺസിലിന്റെ ഭാഗമാണ്. പുതിയ ഡയറക്ടറെ ജനുവരിയോടെ നിശ്ചയിക്കുമെന്ന് കെ.പി.സി.സി വൃത്തങ്ങൾ അറിയിച്ചു.