
വർക്കല: കാപ്പിൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഉയരം വർദ്ധിപ്പിക്കുന്ന ജോലികൾ തുടരവേ സ്റ്റേഷനു കിഴക്കുഭാഗത്ത് താമസിക്കുന്ന നൂറോളം വീട്ടുകാർക്ക് ട്രാക്കിനപ്പുറം മെയിൻ റോഡിൽ നടന്നുവരാനുള്ള വഴികൾ ഓരോന്നായി അടയുന്നതായി പരാതി. ട്രാക്കിലേക്കുവരുന്ന ഇടറോഡുകളും സമാന്തര വഴികളും പൂർണമായി അടയ്ക്കുന്ന തലത്തിൽ വേലിക്കെട്ടുകളും മതിലുകളും ഉയരുന്നതോടെ ഒട്ടേറെ കുടുംബങ്ങൾക്ക് സ്റ്റേഷനു മുൻഭാഗത്തെ പ്രധാന റോഡിലേക്ക്
എത്താനുള്ള മാർഗങ്ങളും ദുർഘടമാകുന്നു. പ്രായമായവരും കിടപ്പ് രോഗികളുമുള്ള ഒട്ടേറെ വീട്ടുകാർ ആശങ്കയിലാണ്. അടിയന്തരഘട്ടങ്ങളിൽ ഇവരെ ആശുപത്രിയിലേക്കു ചുമന്നു കൊണ്ടുപോകാൻ പാകത്തിൽ മാനുഷിക പരിഗണന നൽകി വഴിയൊരുക്കണമെന്ന അപേക്ഷയാണ് ഇതിനകം റെയിൽവേക്കു നൽകിയ നിവേദനങ്ങളിൽ പ്രധാനമായി ആവശ്യപ്പെട്ടത്. സ്റ്റേഷനിൽ വികസനപ്രവർത്തനങ്ങൾക്ക് എതിരല്ലെന്നും പ്ലാറ്റ്ഫോമിന്റെ വടക്ക്, തെക്ക് വശങ്ങളിൽ ഓരോ വഴി വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. സ്റ്റേഷൻ വികസനത്തെ നാട്ടുകാർ സ്വാഗതം ചെയ്യുമ്പോഴും വഴി അടയുമെന്ന ആശങ്കയാണ് ഇവർക്കുള്ളത്. പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ അടൂർ പ്രകാശ് എം.പി.ക്ക് നിവേദനം നൽകിയിട്ടുണ്ട്.
ആശങ്കയിൽ നാട്ടുകാർ
തെക്കുഭാഗത്ത് റേഷൻ ഡിപ്പോയ്ക്കു സമീപം പരസ്പരം കടന്നുപോകാൻ പാകത്തിൽ ഒരു വഴി അനിവാര്യമാണെന്നാണ് ആവശ്യം. കാപ്പിൽ ഗവ.സ്കൂളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി കടന്നുപോകുന്നത്. മാവുനിന്നവിള, മഞ്ചാടിനിന്ന വിള, മൂന്നുമുക്ക് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജനങ്ങൾ യാത്രചെയ്യുന്നതും സ്റ്റേഷനു തെക്കുവശത്തെ പ്ലാറ്റ്ഫോമിനോടുചേർന്ന ഭാഗത്താണ്. അടുത്തിടെ സ്റ്റേഷൻ വടക്കുഭാഗത്തെ ട്രാക്കിനു സമാന്തരമായ ഒരു വഴി റെയിൽവേ അധികൃതർ സ്ലാബുകൾ നിരത്തി അടച്ചത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
പാലം വേണം
നടന്നുവരുന്ന പദ്ധതികൾ പൂർത്തിയായാൽ ആയുർവേദ ആശുപത്രി, കുടുംബാരോഗ്യകേന്ദ്രം, ബസ്‌സ്റ്റാൻഡ്, ധനകാര്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, കാപ്പിലിലെ പ്രധാന ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് കടന്നുപോകാൻ വഴികൾ ഇല്ലാതാവും. ഗവ.എൽ.പി.എസ്, ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വിദ്യാർത്ഥികൾ വന്നുപോകുന്നതും ട്രാക്ക് മുറിച്ചുകടന്നാണ്. വഴിയടഞ്ഞാൽ പൊതുനിരത്തിലെത്താൻ 12 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ടിവരും. നിലവിൽ രണ്ടാം പ്ലാറ്റ്ഫോമിന് സമാന്തരമായി ഒറ്റയടിപ്പാതയുണ്ടെങ്കിലും പലഭാഗങ്ങളും അടഞ്ഞ നിലയിലാണ്. ഇതെല്ലാം കാരണം സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് അനിവാര്യമാണ്.