thiruvananthapuram-airpor

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിദേശ, ആഭ്യന്തര സർവീസുകളുടെ എണ്ണം കൂടിയതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വർദ്ധന. 2021 ഡിസംബറിനെക്കാൾ 30 ശതമാനം വർദ്ധിച്ച് ശരാശരി 10,500 ആയി ഉയർന്നു. പ്രതിദിന വിമാന സർവീസുകളുടെ എണ്ണം 22 ശതമാനം വർദ്ധിച്ച് 70ന് മുകളിലെത്തി. ആഴ്ചയിൽ വിദേശ സർവീസുകളുടെ എണ്ണം 218 ആയും ആഭ്യന്തര സർവീസുകളുടെ എണ്ണം 264 ആയും വർദ്ധിച്ചു.

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ടെർമിനലിനകത്തും പുറത്തും കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചു. വിദേശത്തേക്കുള്ള യാത്രക്കാർ വിമാന സമയത്തിന് മൂന്നു മണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ രണ്ട് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണമെന്നത് കർശനമാക്കി.

സുരക്ഷാപരിശോധന വേഗത്തിലാക്കാൻ കസ്റ്റമർ എക്സിക്യുട്ടീവുകളുണ്ടാവും. സെൽഫ് ചെക് ഇൻ മെഷീനുകളിലും ഇവരുടെ സേവനം ലഭിക്കും. യാത്രക്കാർക്കുള്ള ഷോപ്പിംഗും ഭക്ഷണ സൗകര്യങ്ങളും വർദ്ധിപ്പിച്ചു. ഒരു വർഷത്തിനിടെ 50 ലേറെ ഷോപ്പുകളാണ് പുതുതായി തുടങ്ങിയത്.