ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കെട്ടിടം തകർത്തു
ഓഫീസിനു മുന്നിൽ മഹിളാമോർച്ച കരിഓയിൽ ഒഴിച്ചു
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ.അനിലിന്റെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് അക്രമാസക്തമായി. ഇ.കെ.നായനാർ ട്രസ്റ്റിന്റെ ഓഫീസ് പ്രവർത്തകർ അടിച്ചുതകർത്തു. മഹിളാ മോർച്ച പ്രവർത്തകർ ഓഫീസിനു മുന്നിൽ കരിഓയിൽ ഒഴിച്ചു.സംഭവത്തിൽ മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ് ഉൾപ്പെടെ 11പേരെ പൊലീസ് അറസ്റ്റുചെയ്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
'കാശു കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗങ്ങളുണ്ട്, അതിന് ഈ ബുക്കിൽ ഒപ്പിടണോ എന്ന പരാമർശമാണ് ഡി.ആർ. അനിൽ കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നടത്തിയത്. ഇതിനെതിരെയാണ് മമഹിളാ മോർച്ച പ്രവർത്തകരും ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയും ഇന്നലെ 11.30നാണ് മാർച്ച് നടത്തിയത്.
മെഡിക്കൽ കോളേജ് ഗണപതി ക്ഷേത്രത്തിനുമുന്നിൽ നിന്നാരംഭിച്ച മാർച്ച്, മെഡിക്കൽ കോളേജ് -ഉള്ളൂർ റോഡിലെ കോർപ്പറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ മുന്നിലെത്തിയപ്പോഴാണ് കരി ഓയിൽ ഒഴിച്ചത്.
വനിതാ പൊലീസുകാർ ഇവരെ തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായി. ഇതിനിടെയാണ് കെട്ടിടത്തിന്റെചില്ലുകൾ പൊട്ടിയത്. സംഭവത്തിൽ പൂജാ സുനിൽ, ഗംഗ തുടങ്ങിയ മോർച്ചാ പ്രർത്തകർക്ക് നിസാര പരിക്കേറ്റു.
ഡി.ആർ.അനിൽ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ഇരിക്കാറുണ്ട്. അതിനാലാണ് അനിലിന്റെ ഓഫീസെന്ന് തെറ്റിദ്ധരിച്ച് കരിഓയിൽ ഒഴിച്ചത്. തന്റെ ഓഫീസ് മെഡിക്കൽ കോളേജ് സ്കൂളിന് പിറകു വശത്താണെന്ന് ഡി.ആർ. അനിൽ വ്യക്തമാക്കി. മാർച്ചും ധർണയും ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന,ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
ബി.ജെ.പിക്ക് സമനില തെറ്റി: മേയർ ആര്യാ രാജേന്ദ്രൻ
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തിയുള്ള ജനവിരുദ്ധ സമരങ്ങളെ ജനങ്ങളും കോടതികളും തള്ളിക്കളഞ്ഞപ്പോൾ സമനില തെറ്റിയ അവസ്ഥയിലാണ് ബി.ജെ.പിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ.സാമൂഹ്യവിരുദ്ധ ആക്രമണരീതിയിലേക്കാണ് അവർ തിരിയുന്നത്. ഇത് ജനാധിപത്യവും സമാധാനവും നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർക്ക് ആശങ്കയുണ്ടാക്കും. ഈ ആക്രമണത്തിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.