
ഉദിയൻകുളങ്ങര: പാറശാല പരശുവയ്ക്കലിൽ കഞ്ചാവ് മാഫിയ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു. പരശുവയ്ക്കൽ കല്ലുവിള പുത്തൻവീട്ടിൽ അജികുമാർ (48), ഭാര്യ വിജി (40), ഒൻപത് വയസുള്ള മകൾ നന്ദന എന്നിവർക്കാണ് നാലംഗ സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ചെവിക്ക് വെട്ടേറ്റ അജികുമാറിനെ പാറശാല ഗവ.ആശുപത്രിയിലും മർദ്ദനത്തിനിരയായ ഭാര്യയെയും മകളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അയൽക്കാരനായ അനീഷ്, മിഥുൻ, അഭിൻ കണ്ടാലറിയാവുന്ന മറ്റൊരു യുവാവ് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് അജികുമാർ പാറശാല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിൽ നിന്ന് മാലയും പണവും അക്രമിസംഘം കവർന്നിട്ടുണ്ടെന്നും അജികുമാർ ആരോപിക്കുന്നു. അജിയെ ആക്രമിച്ച യുവാക്കളും മറ്റു ചില സംഘങ്ങളും പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നതും ലഹരിവില്പന നടത്തുന്നതും പതിവായിരുന്നു. അജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വച്ചും ഇവർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇത് അനീഷിന്റെ മാതാവിനോട് പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം അജിയെ വീട്ടിൽക്കയറി വെട്ടിപരിക്കേൽപ്പിച്ചത്. ഇതേ സംഘം നേരത്തെ മറ്റൊരാളെയും ആക്രമിച്ചിരുന്നതായും അനീഷ് മറ്റൊരു കേസിൽ ഉൾപ്പെട്ടിട്ടിണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പാറശാല പൊലീസ് പറഞ്ഞു.