
തിരുവനന്തപുരം: പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പദ്ധതി പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.വൈ) മൂന്നു മാസത്തേക്കു കൂടി നീട്ടുന്നത് കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ പരിഗണനയിൽ.ഇതിനായി കരുതൽ ധാന്യ ശേഖരത്തിന്റെ കണക്കെടുക്കാൻ എഫ്.സി.ഐ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ കരുതൽ ധാന്യം സ്റ്റോക്കുണ്ടെങ്കിൽ, ധനവകുപ്പിന്റെ കൂടി അനുവാദം വേണം. അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായേക്കും.
ഇപ്പോൾ കേന്ദ്ര പൂളിൽ 159 ലക്ഷം ടൺ ഗോതമ്പാണുള്ളത്. പദ്ധതി മാർച്ച് വരെ നീട്ടിയാൽ 68 ലക്ഷം ടൺ വേണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി പ്രകാരം അരിയാണ് നൽകുന്നത്. പദ്ധതി മൂന്നു മാസം കൂടി നീട്ടുന്നത് ഭാവിയിൽ പ്രശ്നമായേക്കാമെന്നാണ് എഫ്.സി.ഐ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കർണ്ണാടകയിലും ആന്ധ്രയിലും കൊയ്ത്തു തുടങ്ങിയതിനാൽ, വേണ്ടത്ര അരി ലഭിക്കുമെന്നും അഭിപ്രായമുണ്ട്. ഏപ്രിലിലാണ് ഗോതമ്പിന്റെ വിളവെടുപ്പ് .
2020 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയുടെ ഏഴ് ഘട്ടങ്ങൾക്കായി 3.9 ലക്ഷം കോടി രൂപയാണ് സബ്സിഡിക്കായി കേന്ദ്ര സർക്കാർ ചെലവഴിച്ചത്. പദ്ധതി 2023 മാർച്ച് വരെ നീട്ടിയാൽ സബ്‌സിഡി ഇനത്തിൽ 40,000 കോടി രൂപ കൂടി ചെലവാക്കേണ്ടി വരും.
പുഴക്കലരിക്ക് ക്ഷാമം
പൊതുവിപണിയിൽ അരി വില കൂടിയ ശേഷം റേഷൻ കടകളിൽ എത്തുന്നതിൽ 75% പച്ചരിയാണ്. നേരത്തെ 75% പുഴുക്കലരിയാണ് ലഭിച്ചിരുന്നത്. പുഴുക്കലരിയുടെ സ്റ്റോക്കിലുണ്ടായ കുറവാണ് പ്രശ്നം.
പച്ചരിക്ക് ഡിമാൻഡ് കുറവായതിനാൽ സംസ്ഥാനത്തെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നു. അതേ സമയം പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം ലഭിക്കുന്നത് പുഴുക്കലരിയാണ്. പുഴുക്കലരി വിഹിതം കൂട്ടണമെന്ന് കേരളം നേരത്തെ കേന്ദ്രത്തോട്
ആവശ്യപ്പെട്ടിരുന്നു.