sivagiri

ശിവഗിരി: തീർത്ഥാടന ദിനങ്ങൾക്ക് തുടക്കമായതോടെ, കാർഷിക വിളകളും പലവ്യജ്ഞനങ്ങളും കാണിക്കയായി അർപ്പിച്ച് ഗുരുഭക്തർ. കർഷകർ സ്വന്തം പുരയിടങ്ങളിൽ നട്ട് വിളയിച്ചെടുത്ത കാർഷികോല്പന്നങ്ങളുടെ ഒരു പങ്കാണ് ശിവഗിരിയിലെത്തിക്കുന്നത്.

ഗുരുദേവൻ സശരീരനായിരുന്ന കാലത്തും ഇത്തരത്തിൽ ഗുരുഭക്തർ കാണിക്കയുമായി എത്താറുണ്ടായിരുന്നു. കാർഷികോല്പന്നങ്ങളുടെ ഒരു ഭാഗം തൃപ്പാദപത്മങ്ങളിൽ സമർപ്പിച്ച് സായൂജ്യമടയുന്നത് അക്കാലത്ത് ഭക്തജനങ്ങളുടെ ശീലമായിരുന്നു. മഹാസമാധിക്കു ശേഷവും ശിവഗിരിയിലും ഗുരുമന്ദിരങ്ങളിലും ഇത്തരത്തിൽ ഉല്പന്നങ്ങൾ സമർപ്പിക്കുന്ന ഭക്തരുണ്ടായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് തീർത്ഥാടന ദിവസങ്ങളിൽ മഹാഗുരുപൂജാ പ്രസാദം തയ്യാറാക്കാനായി ഉല്പന്നങ്ങൾ ശിവഗിരിയിൽ സമർപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തിനകത്തു നിന്ന് മാത്രമല്ല അന്യസംസ്ഥാനങ്ങളിൽ നിന്നുവരെ ഇത്തരത്തിൽ ഉല്പന്നങ്ങൾ ശിവഗിരിയിലെത്തിച്ച ഭക്തരുണ്ടായിരുന്നു.

എറണാകുളം. ചെറായി, തിരുവനന്തപുരം മുട്ടട, പെരുമ്പാവൂർ ഒക്കൽ,മീനച്ചൽ കടപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുളള ഭക്തരും സംഘടനകളുമാണ് ഇതിനകം ഉല്പന്നങ്ങൾ എത്തിച്ചത്. ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയ നാഗമ്പടെ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഗുരുധർമ്മ പ്രചരണസഭ കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 25ന് നിരവധി വാഹനങ്ങളിലായി ഉല്പന്നങ്ങൾ ശേഖരിച്ച് ശിവഗിരിയിലെത്തിക്കും. 27ന് സഭയുടെ ആലപ്പുഴ ജില്ലാകമ്മിറ്റിയും തുടർന്ന് കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ സഭായൂണിറ്റുകളും എസ്.എൻ.ഡി.പി യോഗം ശാഖകളും കുടുംബയൂണിറ്റുകളും ശിവഗിരിമഠത്തിൽ ഉല്പന്നങ്ങളുമായി എത്തും. ശിവഗിരിമഠം ബുക്ക് സ്റ്റാളിനു സമീപം വഴിപാട് കൗണ്ടർ പിന്നിട്ട് ഗുരുപൂജാ മന്ദിരത്തിന് സമീപം ഉല്പന്ന സമർപ്പണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾക്ക് 9447551499.

ഫോട്ടോ: ഭക്തജനങ്ങൾ സമർപ്പിച്ച ഉല്പന്നങ്ങൾ