
തിരുവനന്തപുരം: ബഫർസോൺ വിഷയം അനുദിനം സങ്കീർണ്ണമാവുകയും പ്രതിപക്ഷവും ക്രൈസ്തവ സഭകളും പ്രത്യക്ഷ സമര രംഗത്തിറങ്ങുകയും ചെയ്ത സാഹചര്യത്തിൽ, പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു. വൈകിട്ട് 3.30ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.5ന് വിദഗ്ധ സമിതി യോഗവും ചേരും.
ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധനാ റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് ആലോചന.ബഫർ സോൺ വിഷയത്തിൽ ക്രൈസ്തവ സഭകൾ ആരംഭിച്ച പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പിന് വഴിയൊരുക്കാൻ പാടില്ലെന്ന നാലപാടിന്റെ അടിസ്ഥാനത്തിലാണ് യോഗം . ഉപഗ്രഹ സർവേ ഫലമല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. .സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് എ.ജിയും സ്റ്റാൻഡിംഗ് കോൺസലുമായും ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടുന്ന കാര്യവും പരിഗണനയിലുണ്ട്.
ബഫർസോൺ വിഷയത്തിൽ തുടക്കം മുതൽ ജനങ്ങളുടെ ആശങ്ക കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളാണ് സ്വീകരിച്ചെതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയായി ബഫർ സോൺ പരിധി നിജപ്പെടുത്തിയത് മലയോര ജനങ്ങളെ സഹായിക്കാനാണ് . എന്നാൽ, ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ ,പ്രതിഷേധം സർക്കാരിനെതിരായത് തടയാനുള്ള നടപടികൾ അടിയന്തമായി വേണമെന്നാണ് എൽ.ഡി.എഫിലെ ആവശ്യം. ഇതിന്റെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ്പ് ഡെസ്ക് രൃപീകരിക്കുന്നത്.
ബഫർസോൺ വിഷയം വിഴിഞ്ഞം സമരം പോലെ നീട്ടിക്കൊണ്ടു പോകരുതെന്ന് സർക്കാരിനും എൽ.ഡി.എഫിനും ആഗ്രഹമുണ്ട്. പ്രശ്നം നീണ്ടുപോകുന്നത് ഇടതുമുന്നണിയിൽ തന്നെ വലിയ രാഷ്ട്രീയ ചേരിതിരിവിനുള്ള വഴിയൊരുക്കുമെന്നും സി.പി.എം കരുതുന്നു. ബഫർ സോണിലെ ആശങ്ക ജോസ് കെ.മാണി പരസ്യമായി അറിയിച്ചിരുന്നു.. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ വിട്ടു പോയ സ്ഥലവും കെട്ടിടങ്ങളും കൂട്ടിച്ചേർത്ത് റിപ്പോർട്ട് എളുപ്പത്തിൽ സമർപ്പിക്കാനുള്ള വഴികൾ ആലോചിക്കും.
തദ്ദേശ വകുപ്പിന്റെയും കുടുംബശ്രീയുടെയും റവന്യു വകുപ്പിന്റെയും സഹായത്തോടെ സ്ഥല പരിശോധന നടത്തി പുതിയ മാപ്പ് ഉണ്ടാക്കാനുള്ള നടപടികളെക്കുറിച്ചും ചർച്ച .ചെയ്യും.
പരിസ്ഥിതി ലോലം : ശക്തമായ
പ്രക്ഷോഭത്തിന്കെ.പി.സി.സി
#ഉപഗ്രഹ സർവേ അശാസ്ത്രീയവും അപൂർണ്ണവും
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ അലംഭാവമുപേക്ഷിച്ച് ജനങ്ങളുടെ ആശങ്കയകറ്റാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടത്തിയ ഉപഗ്രഹ സർവേ ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻപറഞ്ഞു. അശാസ്ത്രീയവും അപൂർണ്ണവുമായ ഉപഗ്രഹ സർവേ ആരെ തൃപ്തിപ്പെടുത്താനാണെന്ന് വ്യക്തമാക്കണം. ഗ്രൗണ്ട് സർവേയും പഠനവും നടത്തി ബഫർ സോൺ പരിധി നിശ്ചയിക്കണമെന്നും ,അതിന് കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള കരുതൽ മേഖലയിലെ ജനങ്ങളുടെ ആവശ്യം ന്യായമാണ്. ജനങ്ങളുടെ ജീവൽപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. തട്ടിക്കൂട്ട് സർവേ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെങ്കിൽ സിൽവർ ലൈനിന്റെ കാര്യത്തിൽ നേരിട്ട അനുഭവമായിരിക്കും സർക്കാരിനെ കാത്തിരിക്കുന്നത്. ബഫർ സോൺ മേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ചാവും പ്രക്ഷോഭം.
വിലക്കയറ്റം, അഴിമതി, സ്വജനപക്ഷപാതം, പൊലീസ് രാജ് തുടങ്ങിയ സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ കോൺഗ്രസ് നടത്തിവരുന്ന പൗര വിചാരണയുടെ ഭാഗമായി ബ്ലോക്ക് തല വാഹനജാഥകൾ 30നകവും,ആയിരം കേന്ദ്രങ്ങളിൽ വിശദീകരണ പൊതുയോഗങ്ങൾ ജനുവരി 15നകവും പൂർത്തീകരിക്കും. അര ലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയേറ്റ് വളയൽ സമരം ജനുവരി അവസാനം സംഘടിപ്പിക്കും.
കോൺഗ്രസിന്റെ 138-ാം
വാർഷികാഘോഷം
കോൺഗ്രസിന്റെ 138 ാം ജന്മവാർഷികത്തിന്റെ ഭാഗമായി 28ന് മണ്ഡലം തലത്തിൽ മതേതര സദസ്സുകളും ജന്മദിന റാലികളും നടത്തും. ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി ഐഎസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന മഹിളാ മാർച്ച് വൻ വിജയമാക്കും.
കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനത്തെ അഭൂതപൂർവ്വമായ ജനസഞ്ചയത്തിന്റെയും മുന്നേറ്റത്തിന്റെയും ദൃശ്യാനുഭവങ്ങളുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കും.