തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ സമരം ഒത്തുതീർപ്പാക്കാനുള്ള ചർച്ചയ്ക്ക് സർക്കാരിന് സന്നദ്ധത. സമരം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് ഈ അനുനയനീക്കം. സമരം സമവായത്തിലെത്തിക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിന്. കോഴിക്കോട്ടെ ഔദ്യോഗിക തിരക്കുകൾ കഴിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി ഇന്ന് തലസ്ഥാനത്തെത്തും. മന്ത്രി എം.ബി.രാജേഷും ഇന്നുമുതൽ തലസ്ഥാനത്തുണ്ടാകും. അതിനാൽ വരുംദിവസങ്ങളിൽ സമരക്കാരുമായി ചർച്ച നടത്താനാണ് തീരുമാനം. ചർച്ചയ്ക്കുമുമ്പ് മന്ത്രിമാർ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി അനൗദ്യോഗിക ചർച്ചയും നടത്തും. ഇതിനുശേഷം നഗരസഭ ലീഡർ, സി.പി.എം ജില്ലാസെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുമായും ചർച്ച നടത്തും. ചർച്ച നയിക്കുന്നത് മന്ത്രി വി.ശിവൻകുട്ടിയാണ്.തുടർച്ചയായ സമരം ജനങ്ങൾക്കും നഗരസഭയ്ക്കും അവമതി ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ. ചർച്ച വിജയത്തിലെത്തിക്കണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം.

ചർച്ച വേണമെന്ന് പ്രതിപക്ഷവും

കത്ത് വിവാദത്തിൽ രണ്ടാം ഘട്ട സർക്കാർ ചർച്ച വേണമെന്ന് പ്രതിപക്ഷവും ആഗ്രഹിക്കുന്നുണ്ട്.ചർച്ച വൈകുന്നതിൽ കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് വിമർശനം ഉന്നയിച്ചതുതന്നെ ഇതിന് ഉദാഹരണമാണ്. മേയറുടെ രാജിയിൽ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കില്ലെന്നാണ് ബി.ജെ.പിയുടെ വാദം.എന്നാൽ അത് ചർച്ചയിലൂടെ സമവായത്തിലെത്തിച്ച് ചർച്ച വിജയിപ്പിക്കാനാണ് സർക്കാരും ശ്രമിക്കുന്നത്. എന്നാൽ ചർച്ച വേണമെന്ന ആവശ്യവുമായി യു.ഡി.എഫ് പ്രത്യക്ഷത്തിൽ രംഗത്തില്ല. എന്നാലും ചർച്ച നടത്തി പരിഹാരമുണ്ടാക്കണമെന്നാണ് അനൗദ്യോഗിക തീരുമാനമെന്ന് യു.ഡി.എഫ് വൃത്തങ്ങളും പറയുന്നു.

ഭരണസമിതിയിലും ഭിന്നസ്വരം

കത്ത് വിവാദത്തിൽ ഭരണസമിതിയിലും ഭിന്നസ്വരമുയർന്നിട്ടുണ്ട്. വിവാദം അവസാനിപ്പിക്കാൻ മേയറും പാർട്ടിയും മുൻകൈയെടുക്കുന്നില്ലെന്നാണ് ആരോപണം. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ സ്ത്രീ വിരുദ്ധ പരമാർശം കൂടിയായപ്പോൾ ഭിന്നസ്വരത്തിന് കടുപ്പമേറി.സമരം ഓരോ ദിവസം കഴിയുന്തോറും വഷളാകുന്ന സാഹചര്യത്തിൽ ഇത് മറികടക്കാനുള്ള ഒരു പരിപാടിയും മേയറുടെ നേതൃത്വത്തിൽ നടക്കുന്നില്ല. പല വികസന പ്രവർത്തനങ്ങളും മുടങ്ങുന്ന സാഹചര്യവുമുണ്ട്.