വള്ളികുന്നം: നിർദ്ദിഷ്ട ടൂറിസം വികസന പദ്ധതി കേന്ദ്രമായ വള്ളികുന്നം ചിറയും പരിസരവും കാട് മൂടി നശിക്കുന്നു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് നാല്, ഏഴ്, എട്ട് വാർഡുകളുടെ അതിർത്തിയിൽ 13 ഏക്കറോളം വിസ്തൃതി വരുന്നതാണ് ചിറ. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനായി നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പെഡൽ ബോട്ടിംഗ് ഉൾപ്പെടെയുള്ള പദ്ധതികളാണ് വള്ളികുന്നം ചിറയിൽ ഉദ്ദേശിച്ചിട്ടുള്ളത്.
ഇതിനായി ചിറയുടെ വശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി റീസർവേ നടപടികളും പൂർത്തിയാക്കിയിരുന്നു. വള്ളികുന്നത്തെ പുരാതനവും പ്രകൃതിദത്തവുമായ വള്ളികുന്നം ചിറയാണ് കൊടും വേനലിൽപ്പോലും പ്രദേശത്തെ കിണറുകൾ വറ്റിപ്പോകാതെ നിലനിർത്തുന്നത്. എന്നാൽ ചിറയുടെ വശങ്ങളും ബണ്ടും കാട് മൂടി ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും സങ്കേതമായി മാറിയതാണ് ഇപ്പോൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. വള്ളികുന്നം പുത്തൻചന്തയിൽ നിന്ന് കാഞ്ഞിരത്തുംമൂട് ജംഗ്ഷനിലേക്കുള്ള പ്രധാന റോഡ് ചിറയേയും സമീപത്തെ പുഞ്ചയേയും വേർതിരിച്ചാണ് കടന്നുപോകുന്നത്. റോഡിന്റെ രണ്ടുവശങ്ങളും കുറ്റിച്ചെടികളും പാഴ്പ്പുല്ലുകളും വള്ളിപടർപ്പുകളും വളർന്ന് കാട് മൂടികിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി .
മാലിന്യ നിക്ഷേപവും തെരുവു നായ്ക്കളും
ആൾവാസമില്ലാത്ത സ്ഥലമായതിനാൽ രാത്രികാലങ്ങളിൽ ചിറയിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതും പതിവാണ്. മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് തെരുവ് നായ് ശല്യവും വർദ്ധിച്ചു. വള്ളികുന്നം അമൃത എച്ച്.എസ്.എസ്, പടയണിവെട്ടം എൽ.പി.എസ് എന്നിവിടങ്ങളിലേക്കുള്ള കുട്ടികൾ ഇതുവഴിയാണ് യാത്രചെയ്യുന്നത്. ചൂടുകാലമായതോടെ പട്ടാപ്പകൽ പോലും റോഡിൽ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതിനാൽ കുട്ടികളെ തനിച്ച് സ്കൂളിൽ വിടാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. കഞ്ചാവ് , മദ്യപാന സംഘങ്ങളും ചിറയിലും പരിസരത്തുമുള്ള കാട് മറയാക്കി വിലസുന്നുണ്ട്. ഇവിടെ വഴിവിളക്കുകൾ പ്രകാശിക്കാത്തതും സാമൂഹ്യവിരുദ്ധർക്ക് തുണയാണ്.
.............................................................
ചിറ കാട് മൂടിയതോടെ എലിയുടെയും പാമ്പുകളുടെയും ശല്യം വർദ്ധിച്ചു. പകലും രാത്രിയുമെല്ലാം ഇഴജന്തുക്കളുടെ സ്വൈരവിഹാരകേന്ദ്രമാണ് ഇവിടം
- ദിവാകരൻ, പരിസരവാസി.
..................................................................................
ചിറ കാട് മൂടിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാടും പടലും വെട്ടിത്തെളിക്കാൻ ആവശ്യമായ ശ്രമം നടത്തും
. - വിജയലക്ഷ്മി, മെമ്പർ, നാലാം വാർഡ്.