
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി 1.5 കോടി തട്ടിയ കേസിൽ അഞ്ചാം പ്രതി ഡെപ്യൂട്ടി ജനറൽ മാനേജർ (ലീഗൽ) ശശികുമാരൻ തമ്പിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്നലെ ടൈറ്റാനിയത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇയാൾ ഉൾപ്പെടെ നാല് പ്രതികൾ ഒളിവിലാണ്.
റിമാൻഡിലുള്ള ഒന്നാംപ്രതി ദിവ്യ ജ്യോതിയെ (ദിവ്യ നായർ) കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയെടുത്തെന്ന പിരപ്പൻകോട് സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
10 ലക്ഷം രൂപ തട്ടിയെന്ന കോട്ടയ്ക്കകം സ്വദേശിനിയുടെ മറ്റൊരു പരാതിയിൽ പൂജപ്പുര എസ്.ഐയുടെ നേതൃത്വത്തിൽ പരാതിക്കാരിയെ ഉൾപ്പെടെ ടൈറ്റാനിയത്തിലെത്തിച്ച് വിവരങ്ങൾ ശേഖരിച്ചു. ശശികുമാരൻ തമ്പിയുടെ കാബിനിൽ വച്ചാണ് ഇന്റർവ്യൂ നടത്തിയതെന്നും ജോലിയെക്കുറിച്ചും പ്രൊമോഷൻ സാദ്ധ്യതകളെ പറ്റിയും ഇവിടെ വച്ചാണ് അദ്ദേഹം വിശദീകരിച്ചതെന്നും പരാതിക്കാരി ആവർത്തിച്ചു. മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്നും തമ്പിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി. തമ്പിയെ കൂടാതെ ദിവ്യയുടെ ഭർത്താവ് രാജേഷ് കുമാർ, സഹോദരൻ പ്രേംകുമാർ, ഇയാളുടെ സുഹൃത്തും തമ്പിയുടെ സഹപാഠിയുമായ ശ്യാംലാൽ എന്നിവരാണ് ഒളിവിൽ പോയത്.
അതേസമയം, മൂന്നാം പ്രതി പ്രേംകുമാർ താമസിച്ചിരുന്ന പൂജപ്പുര വട്ടവിളയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ തെളിവുകൾ പലതും കത്തിച്ച നിലയിൽ കണ്ടെത്തി. കത്താതെ ശേഷിച്ച ചില ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റകൾ പൊലീസ് ശേഖരിച്ചു.
പരാതി നൽകി
തടിതപ്പാൻ ശ്രമം
നിയമനത്തട്ടിപ്പിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ രക്ഷപ്പെടാനായി ശശികുമാരൻ തമ്പി ആഗസ്റ്റ് ഒന്നിന് ടൈറ്റാനിയം എം.ഡിക്ക് പരാതി നൽകിയിരുന്നുവെന്ന വിവരം പുറത്തുവന്നു. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് തന്റെ പേര് പറഞ്ഞ് ചിലർ തട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു പരാതിയിൽ. ഇതുസംബന്ധിച്ച് തനിക്ക് ഒരു ഫോൺ കോൾ വന്നിരുന്നുവെന്നും തന്റെ സഹപാഠിയായ ശ്യാംലാലിന്റെ പേര് കൂടി ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. താൻ നിരപരാധിയാണെന്ന് വരുത്തി തീർക്കാനാണ് ഇതിലൂടെ ഇയാൾ ശ്രമിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.