പാലോട്: പെരിങ്ങമ്മലയിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക സംഘം പെരിങ്ങമ്മല വില്ലേജ് കമ്മിറ്റി പെരിങ്ങമ്മല പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.ആന,കാട്ടുപോത്ത്,പന്നി,കുരങ്ങൻ തുടങ്ങിയ വന്യമൃഗങ്ങൾ ജനങ്ങളുടെ കൃഷിക്കും ജീവിതത്തിനും ഒരുപോലെ ഭീഷണിയായി മാറിക്കഴിഞ്ഞു. ഇതിൽ തന്നെ കാട്ടുപന്നിയുടെ ആക്രമണം മുൻപില്ലാത്ത വിധത്തിൽ അതിരൂക്ഷവുമാണ്.പന്നിശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെടിവച്ചു കൊല്ലുന്നതിനുള്ള അധികാരം പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തോടും ജനങ്ങളുടെ ദുരിത ജീവിതത്തോടും നിഷേധാത്മകമായ നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നത്. പന്നിയെ വെടിവയ്ക്കാനുള്ള സംവിധാനം ഒരുക്കാതെ തൊടുന്യായങ്ങൾ പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നതെന്ന് നിവേദനത്തിൽ പറയുന്നു. കർഷക സംഘം വിതുര ഏരിയാ സെക്രട്ടറി പുഷ്കരാനന്ദൻ നായർ,വില്ലേജ് സെക്രട്ടറി ബൻഷി,പ്രസിഡന്റ് ഷാജഹാൻ,ഇ.ജോൺകുട്ടി,സനൽകുമാർ,സന്തോഷ് കുമാർ,ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.