school

വെള്ളനാട്: വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻ‌ഡ് എച്ച്.എസ്.എസിൽ നാടകീയ
രംഗങ്ങൾ. സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആശാറാണിയെ രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞുവച്ചു. രണ്ടുവിദ്യാർത്ഥികൾ തമ്മിലടിച്ചതുമായി ബന്ധപ്പെട്ട് അദ്ധ്യാപകർക്കെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ പരാതിയും പി.ടി.എ പ്രസിഡന്റിനെക്കുറിച്ചുള്ള പരാമർശവും പിൻവലിക്കുന്നതായി പ്രിൻസിപ്പൽ എഴുതി നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന്, പോകുന്നില്ലെന്ന് പറഞ്ഞുനിന്ന പ്രിൻസിപ്പലിനെ തിങ്കളാഴ്ച രാത്രി 7.30 ഓടെ ജനപ്രതിനിധികളും നാട്ടുകാരും അനുനയിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

അദ്ധ്യാപകർക്കും പി.ടി.എയ്ക്കും എതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്
പ്രിൻസിപ്പൽ നൽകിയ പരാതി വായിക്കണമെന്ന് അദ്ധ്യാപകർ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും പ്രിൻസിപ്പൽ കൂട്ടാക്കിയില്ല. ഇത് അദ്ധ്യാപകരെ ചൊടിപ്പിച്ചു. പരാതി വായിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചതോടെ, വായിക്കണമെന്ന നിലപാടിൽ അദ്ധ്യാപകർ ഉറച്ചു നിന്നു. ഈ സമയം ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരും ഇടപെട്ടു.തുടർന്ന് പരാതി പ്രിൻസിപ്പൽ ഒരു അദ്ധ്യാപകന് വാട്സാപ്പിൽ അയച്ചുകൊടുത്ത് യോഗത്തിൽ ഈ പരാതി വായിക്കുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച പ്രിൻസിപ്പലിന്റെ ഓഫീസിൽ രണ്ട് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ മൂക്കിന് പരിക്കേറ്റ വിദ്യാർത്ഥി ചികിത്സ തേടിയ ശേഷം ഉച്ചയ്ക്ക് തിരികെ സ്കൂളിൽ എത്തിയപ്പോൾ അടിപിടി നടത്തിയ വിദ്യാർത്ഥിയെയും വിളിച്ചുവരുത്തി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഒത്തുതീർപ്പ് ശ്രമം നടത്തിയിരുന്നു. ഇതിനിടെ മുൻപ് പരിക്കേറ്റ വിദ്യാർത്ഥി മറ്റേ കുട്ടിയുടെ മുക്കിൽ ഇടിക്കുകയായിരുന്നു. ഈ വിദ്യാർത്ഥിയെ രക്ഷിക്കുന്നതിനിടെ അദ്ധ്യാപികയ്ക്കും ചവിട്ടേറ്റിരുന്നു.