വിതുര: കെ.എസ്.ആർ.ടി.സി ബസുകളുടെ അഭാവം മൂലം ജനം നട്ടം തിരിയുന്നു. നിലവിൽ പ്രധാനറൂട്ടുകളിൽപോലും വേണ്ടത്രസർവീസുകൾ നടത്താതെവന്നതോടെ യാത്രക്കാർ പെരുവഴിയിലായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. വിതുര-നെടുമങ്ങാട് റൂട്ടിൽ മാസങ്ങളായി ഇതാണ് അവസ്ഥ. ബസ് സർവീസുകളുടെ അപര്യാപ്തത മൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. നെടുമങ്ങാട് ഡിപ്പോയിൽ നിന്നും വൈകിട്ട് വിതുരയിലേക്കുള്ള ബസുകളിൽ കയറണമെങ്കിൽ ഇടിയും തൊഴിയും കൊള്ളേണ്ട സ്ഥിതിയാണ്. മാത്രമല്ല ബസ് കിട്ടണമെങ്കിൽ മണിക്കൂറുകളോളം കാത്തുനില്ക്കണം. നേരത്തേ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും വിതുരയിലേക്ക് അനവധി സർവീസുകൾ അയച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മറിച്ചാണ്. വിതുര ഡിപ്പോയുടെ അവസ്ഥയും വിഭിന്നമല്ല. സമയക്രമീകരണത്തിലെ അപാകതമൂലമാണ് യാത്രാദുരിതം വർദ്ധിച്ചത്.
കെ.എസ്.ആർ.ടി.സി ബസിനായി മണിക്കൂറുകളോളം പെരുവഴിയിൽ കാത്തുനില്ക്കേണ്ട സ്ഥിതിയിലുമാണ്.ഞായറാഴ്ചകളിൽ കെ.എസ്.ആർ.ടി.സി മാസങ്ങളായി നാമമാത്രമായ സർവീസുകളാണ് നടത്തുന്നത്.കൺസഷനെടുത്തവർ ഡിപ്പോകളിൽ പരാതി നല്കിയിട്ടും നടപടിയില്ല.
കൊവിഡ് കാലത്ത് മിക്ക ഡിപ്പോകളിലും സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. സ്ഥിതി പഴയനിലയിലേക്കായിട്ടും നിറുത്തലാക്കിയ സർവീസുകളിൽ പലതും പുനരാരംഭിച്ചിട്ടില്ല. മാത്രമല്ല കൊവിഡിന്റെ മറവിൽ മലയോരമേഖലയിലെ ഡിപ്പോകളിലെ അനവധി ബസുകളും പിൻവലിച്ചിരുന്നു. മലയോരമേഖലയിലെ നിലവിലെ സ്ഥിതി പരിതാപകരമാണ്.അടുത്തടുത്ത് നാലും,അഞ്ചും ഡിപ്പോകളുണ്ടായിട്ടും യാത്രാദുരിതത്താലാണ്.ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടേയും കുറവും ഡിപ്പോകളെ തരംതാഴ്‌ത്തുകയാണ്.ഈ ദുരിതത്തിനെതിരെ യാത്രക്കാർ സമരത്തിനൊരുങ്ങുകയാണ്.
ചെയിൻ സർവീസ് നിലച്ചു
വിതുര-നെടുമങ്ങാട് റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി നേരത്തേ ഈ ഡിപ്പോകളിൽ നിന്നും ചെയിൻ സർവീസ് ആരംഭിച്ചിരുന്നു. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായിരുന്ന ചെയിൻസർവീസുകൾ, കാരണം കൂടാതെ നിറുത്തലാക്കുകയായിരുന്നു.അതേസമയം നെടുമങ്ങാട് വിതുര റൂട്ടിൽ യാത്രക്കാർക്ക് ഉപകാരപ്രദമായി ഓടിയിരുന്ന സ്വകാര്യവാഹനങ്ങളും മോട്ടോർവകുപ്പിന്റെ കർശനനിയന്ത്രണങ്ങളും പരിശോധനകളും കാരണം നിലച്ചു.
യാത്രാദുരിതം വർദ്ധിച്ചു
മലയോരമേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായാണ് വിതുര,ആര്യനാട്,പാലോട് ഡിപ്പോകൾ പ്രവർത്തനമാരംഭിച്ചത്. ആദ്യകാലത്തൊക്കെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു.എന്നാൽ ക്രമേണ ഡിപ്പോകളുടെ പ്രവർത്തനം താളംതെറ്റുകയും യാത്രാദുരിതം വർദ്ധിക്കുകയുമായിരുന്നു. വിതുര പാലോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി നാമമാത്രമായാണ് സർവീസ് നടത്തുന്നത്.വിതുര,പാലോട് ഡിപ്പോകൾ വേണ്ടത്ര സർവീസുകൾ അയയ്ക്കാതെയായിട്ട് വർഷങ്ങളേറയായി. ഫലത്തിൽ രണ്ട് ഡിപ്പോകൾ അടുത്തുണ്ടായിട്ടും യാത്രാദുരിതം ഇരട്ടിക്കുയാണ്.
യാത്രാക്ലേശം വർദ്ധിച്ച റൂട്ടുകൾ
വിതുര-തിരുവനന്തപുരം, ആര്യനാട്-വിതുര, പൊൻമുടി-വിതുര, കല്ലാർ-വിതുര, ബോണക്കാട്-വിതുര, പേപ്പാറ-വിതുര, ജഴ്സിഫാം-വിതുര, പാലോട്-വിതുര, പുളിച്ചാമല-വിതുര,നാഗര-തൊളിക്കോട്,വിതുര-മേമല,
വിതുര,നെടുമങ്ങാട്,ആര്യനാട്,പാലോട്,കാട്ടാക്കട,തിരുവനന്തപുരം ഡിപ്പോകളിൽ നിന്നും വിതുര റൂട്ടിൽ കൂടുതൽ ബസ് സർവീസ് ആരംഭിക്കണം, അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ
വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ.