
നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്
തിരുവനന്തപുരം: ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന പേട്ട-മുത്താരമ്മൻ ക്ഷേത്രം-റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം യാഥാർത്ഥ്യമാകുന്നു. പദ്ധതി സംബന്ധിച്ച ടെൻഡർ നടപടികൾ കൗൺസിൽ പാസാക്കി. വഞ്ചിയൂർ കോടതി, പാളയം, കിഴക്കേകോട്ട, മെഡിക്കൽ കോളേജ്, സെക്രട്ടേറിയറ്റ് തുടങ്ങിയ പ്രദേശങ്ങളെ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും നന്നാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തതിനു പിന്നാലെയാണ് നടപടി.
ഡ്രെയിനേജിനു വേണ്ടി റോഡിൽ കുഴിയെടുത്ത് നാളേറെ കഴിഞ്ഞിട്ടും റോഡുപണിയും ഡ്രെയിനേജ് പണിയും പൂർത്തിയായിരുന്നില്ല. വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ് റോഡ് നവീകരണം.
റോഡുപണിക്കാവശ്യമായ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഒരാഴ്ചയ്‌ക്കുള്ളിൽ റോഡുപണി ആരംഭിക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ എൻജിനിയർ റോഡ് സന്ദർശിച്ചു. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ചായക്കുടി റോഡിന്റെ ജോലികളും എത്രയും വേഗം ആരംഭിക്കും.
സി.എസ്. സുജാദേവി ,
പേട്ട വാർഡ് കൗൺസിലർ