
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജകമണ്ഡലം പൂർണമായും മാലിന്യമുക്തമാക്കണമെന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം കർമ്മപദ്ധതിക്ക് രൂപം നൽകി.മണ്ഡലത്തിൽ വാർഡ് തലത്തിലുള്ള മാലിന്യശേഖരണം ജനുവരി 23ന് ആരംഭിക്കും.ഗ്രീൻ കേരള മിഷനുമായി ബന്ധപ്പെട്ട് നടത്തുന്ന പദ്ധതിയിൽ 4 തരത്തിലുള്ള മാലിന്യങ്ങൾ ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കും.ചെരുപ്പ്,ബാഗ്,തുണിത്തരങ്ങൾ, കുപ്പിച്ചില്ലുകൾ തുടങ്ങിയവയെ മാലിന്യങ്ങളുടെ വിവിധ ഗണത്തിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിത്വ മിഷൻ ഇവയെല്ലാം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു.നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളുടെയും നഗരസഭയുടെയും സഹകരണത്തോടെയാണ് മാലിന്യരഹിത മണ്ഡലം എന്ന ദൗത്യം സാക്ഷാത്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് കെ.ആൻസലൻ എം.എൽ.എ വ്യക്തമാക്കി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റിയുടെ ഭാരവാഹികളായി കെ.ആൻസലൻ എം.എൽ.എ (ചെയർമാൻ),നഗരസഭ ചെയർമാൻ,ബ്ലോക്ക്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ (വൈസ് ചെയർമാർ),പാറശാല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി,നെയ്യാറ്റിൻകര നഗരസഭ സെക്രട്ടറി,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (കൺവീനർമാർ),ബ്ലോക്ക് പഞ്ചായത്ത്,നഗരസഭ,ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാന്മാർ,ശുചിത്വ മിഷൻ ആർ.പിമാർ (ജോ.കൺവീനർമാർ),ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.