vpratapachandran

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രൻ (73) ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന എസ്. വരദരാജൻ നായരുടെ മകനാണ്. കൊച്ചിയിലും തിരുവിതാംകൂറിലും ദിവാനായിരുന്ന പി. രാജഗോപാലാചാരിയുടെ പൗത്രനാണ്. വഞ്ചിയൂർ അംബുജവിലാസം റോഡിനു സമീപത്തെ വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. പ്രഭാതസവാരിക്ക് ഇറങ്ങാത്തതിൽ സംശയം തോന്നി മകനും കൊച്ചുമക്കളും വന്ന് വിളിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഭൗതികശരീരം ഇന്ന് രാവിലെ ബാർ അസോസിയേഷൻ ഹാൾ, കെ.പി.സി.സി ആസ്ഥാനം, പ്രസ്ക്ലബ് എന്നിവിടങ്ങളിൽ അന്ത്യാഞ്ജലിക്ക് വച്ചശേഷം ഉച്ചയ്ക്ക് രണ്ടിന് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കരിക്കും. പരേതയായ ജയശ്രീയാണ് ഭാര്യ. പ്രിജിത് ചന്ദ്രൻ (ഐ.ടി , ബംഗളൂരു), പ്രീതി (ഐ.ടി, ജർമനി) എന്നിവർ മക്കളും സൂര്യ, സുമന്ത് എന്നിവർ മരുമക്കളുമാണ്. കെ.പി.സി.സി ഔദ്യോഗിക പരിപാടികൾ മാറ്റിവച്ച് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.