
കാരേറ്റ്: എഴുപത് വർഷത്തിലേറെ പഴക്കവും ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് മാതൃകയുമായ കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഹയർസെക്കൻഡറി, വൊക്കേഷണൻ ഹയർസെക്കൻഡറി അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാലേക്കർ ഭൂവിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ ഒന്നര ഏക്കറിലേറെ കളിസ്ഥലവും ഉണ്ട്. പ്ലസ്ടുവും വൊക്കേഷൻ ഹയർസെക്കൻഡറിയും അനുവദിച്ചാൽ അതിന് വേണ്ട കെട്ടിടങ്ങൾ സ്ഥാപിക്കാൻ ആവശ്യത്തിലേറെ സ്ഥലം.
സ്ഥല പരിമിതിയുള്ള സമീപത്തുള്ള പല സ്കൂളുകളിലും പ്ലസ് ടു അനുവദിച്ചിട്ടും ആവശ്യത്തിലേറെ സ്ഥലം ഉണ്ടായിട്ടും ഈ സ്കൂളിൽ മാത്രം പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറിയോ അനുവദിച്ചിട്ടില്ല. ഒരു കാലത്ത് രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ ഉപരിപഠനത്തിന് സാദ്ധ്യതയില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ എണ്ണത്തിലും കുറവ് വന്നിരിക്കുകയാണ്. തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ശബ്ദകോലാഹലങ്ങളില്ലാത്ത പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
നട്ടം തിരിഞ്ഞ് വിദ്യാർത്ഥികൾ
ഈ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്കും ഇവിടെ നിന്ന് പത്താം ക്ലാസ് പാസാകുന്ന കുട്ടികൾക്കും ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് മറ്റ് സ്കൂളുകളെ ആശ്രയിക്കേണ്ടി വരുന്നു. സംസ്ഥാന തലത്തിൽ ഹയർസെക്കൻഡറി അനുവദിച്ച കാലത്ത് തന്നെ സ്കൂൾ മാനേജ്മെന്റ് അധികൃതരായ ദേവസ്വം ബോർഡിനും ഗവൺമെന്റിനും പി.ടി.എ അപേക്ഷ നൽകിയിരുന്നു. എന്നാൽ അനുകൂലമായ ഒരു തീരുമാനം ഗവൺമെന്റിൽ നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല.
ഹയർസെക്കൻഡറി വേണം
എല്ലാവിധ ഭൗതിക സാഹചര്യങ്ങളുമുള്ള ഈ സ്കൂളിൽ പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്ന് സ്കൂൾ പി.ടി.എയും എസ്.എം.സിയും പറയുന്നു. സ്കൂളിന്റെയും നാടിനെയും വികസനത്തിന് സ്കൂളിൽ ഹയർസെക്കൻഡറി അനുവദിക്കണമെന്ന് നാട്ടുകാരും പറയുന്നു. സ്കൂളിൽ നിലവിലുള്ള ഇത്രയും അനുകൂല ഭൗതിക സാഹചാര്യങ്ങൾ പ്രയോജനപ്പെടുത്താൻ എം.പി, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ മുന്നോട്ടു വരണമെന്നാണ് ഇവരുടെ ആവശ്യം.