
നെടുമങ്ങാട്: നഗരസഭയിൽ അർദ്ധരാത്രിയിൽ മലമൂത്ര വിസർജ്ജനമുൾപ്പെടെയുളള മാലിന്യങ്ങൾ ഓടയിൽ കൊണ്ട് തളളുന്നതായി പരാതി. രാത്രിയുടെ മറവിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഒട്ടനവധി തവണ പരിയാരത്തും സമീപപ്രദേശങ്ങളിലും മാലിന്യങ്ങൾ ഓടയിൽ ഒഴുക്കിവിടുന്നത് പതിവാണ്.വഴിയാത്രക്കാരും സമീപവാസികളും അസഹനീയമായ ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം തളളുന്നത് ശ്രദ്ധയിൽപ്പെട്ടത്.മലിനജലം ഒഴുകിയെത്തുന്നത് പരിയാരത്തുളള കൈതോട്ടിലാണ്. നിരവധി ആളുകളാണ് ഈ തോട് കുളിക്കാനും അലക്കാനുമായി ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം രാത്രി മാലിന്യം കൊണ്ടുവന്ന് വഴിവക്കിൽ ഒഴുക്കി വിടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സമീപത്തുളള വീട്ടിൽ നിന്നും നാട്ടുകാർ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിലും നഗരസഭയിലും പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.നൈറ്റ് പട്രോളിംഗ് ഉൾപ്പെടെയുളളവ നിലവിലുളളപ്പോൾ മാലിന്യങ്ങൾ കൊണ്ടുവന്ന് ഒഴുക്കിവിടുന്നതിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് കഴിയാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.ടാങ്കർ ലോറികളിൽ മലമൂത്ര വിസർജ്ജനം ഉൾപ്പെടെയുളള മാലിന്യങ്ങൾ കൊണ്ടു വന്ന് തളളുന്നതിനെതിരെ നഗരസഭ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പരിയാരം നിവാസികൾ ആവശ്യപ്പെട്ടു.