
ഉദിയൻകുളങ്ങര: ട്രെയിൻ തട്ടിയ വൃദ്ധയെ ചുമലിലേറ്റി ജീവൻ രക്ഷിക്കാനായി അര കിലോമീറ്ററോളം ഓടിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹം. വൃദ്ധയുടെ ശരീരത്തിൽ ജീവന്റെ തുടിപ്പുള്ളതായി കണ്ടതിനെ തുടർന്ന് ആംബുലൻസ് എത്തുന്നതുവരെ കാത്തുനിൽക്കാതെ, പൊലീസ് ജീപ്പ് കിടന്ന അര കിലോമീറ്ററോളമാണ് വൃദ്ധയെ ചുമലിലേറ്റി പാറശാല റെയിൽവേ സി.പി.ഒ വൈശാഖ് ഓടിയത്. വൃദ്ധയെ പാറശാല ഗവ.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരോട് അയിര ചൂരക്കുഴി കിഴക്കേക്കര വീട്ടിൽ കുഞ്ഞി (80)യാണ് ട്രെയിൻ തട്ടിമരിച്ചത്.
തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയ്‌ക്കുള്ള കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ ട്രെയിൻ പാറശാല റെയിൽവേ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ ഇടിച്ചിട്ട വിവരം ലോക്കോ പൈലറ്റ് പാറശാല സ്റ്റേഷൻ മാസ്റ്റർക്ക് നൽകിയിരുന്നു. വിവരമറിഞ്ഞ് സി.പി.ഒമാരായ വൈശാഖും അനുരാഗും സംഭവസ്ഥലം തെരഞ്ഞ് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചെങ്കിലും സ്ഥലം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. തിരികെ നടക്കുമ്പോൾ പാറശാല ലോക്കൽ പൊലീസിന് കിട്ടിയ വിവരമനുസരിച്ച് അപകടസ്ഥലം തിരിച്ചറിഞ്ഞു. നടപ്പാതയിൽ നിന്നു ഏറെ അകലെയാണ് ട്രെയിൻ തട്ടിയ വൃദ്ധയെ കണ്ടെത്താനായത്. ഇവിടേക്ക് ആംബുലൻസോ പൊലീസ് വാഹനമോ എത്തുമായിരുന്നില്ല. അതോടെ, വൃദ്ധയെ ചുമലിലേറ്റി ഓടുകയായിരുന്നു വൈശാഖ്. കൊറ്റാമം ചിത്തിരയിൽ പരേതനായ അയ്യപ്പൻ നായർ- രാധാമണി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് വൈശാഖ്. ഇദ്ദേഹത്തിന് മുപ്പതോളം ഗുഡ് സർവീസ് എൻട്രികൾ ലഭിച്ചിട്ടുണ്ട്. അദ്ധ്യാപികയായ അശ്വതിയാണ് ഭാര്യ. മകൾ :രണ്ടാം ക്ലാസ് വിദ്യാർത്ഥി ആരാധ്യ.