p

തിരുവനന്തപുരം: സംസ്ഥാനത്തെ സിവിൽ സപ്ലൈസിന്റെ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന വാഹനങ്ങൾക്ക് മുകളിൽ ചുവപ്പും താഴെ മഞ്ഞയുമായി ഏകീകൃത നിറം നൽകാൻ ഭക്ഷ്യമന്ത്രി ജി.ആർ.അനിലും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.

ഗോഡൗണുകളിൽ നിന്നും കരിഞ്ചന്തയിലേക്ക് ധാന്യക്കടത്ത് തടയാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരം. 736 കരാർ വാഹനങ്ങളാണ് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് ഉപയോഗിക്കുന്നത്. നിറം മാറ്രം പുതുവർഷത്തിൽ നടപ്പാക്കും.

സംസ്ഥാനത്തെ ഗോഡൗണുകളിൽ നിന്നും അരികടത്ത് നടക്കുമെങ്കിലും ഇതു സംബന്ധിച്ച അന്വേഷണങ്ങൾ ഏങ്ങുമെത്തില്ല. ലോക്ക്ഡൗണിന്റെ മറവിൽ സംസ്ഥാനത്തെ നിരവധി സിവിൽ സപ്ലൈസ് ഗോ‌ഡൗണുകളിൽ നിന്ന് വ്യാപകമായി റേഷൻ അരിയും ഗോതമ്പും കടത്തിയതായി കണ്ടെത്തിയപ്പോഴും അന്വേഷണം പാതിവഴിക്ക് നിലച്ചിരുന്നു.

കഴിഞ്ഞ വ‌ർഷം ജൂലായിൽ വലിയതുറ എൻ.എഫ്.എസ്.എ ഗോഡൗണിൽ സംഭരിച്ചിരുന്ന 41,200 കിലോഗ്രാം അരിയും 15,450 കിലോഗ്രാം ഗോതമ്പും കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് ഗോഡൗണുകളിൽ നിന്നും അരിയും ഗോതമ്പും നഷ്ടപ്പെട്ടതായി വിജിലൻസ് വിഭാഗത്തിനു സൂചന ലഭിച്ചെങ്കിലും തുടരന്വേഷണം ഉണ്ടായില്ല.