vld-1

വെള്ളറട: അമ്പൂരിയിൽ ബഫർസോണിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ പ്രതിഷേധം ഇരമ്പി. ബഫർസോൺ വനാതിർത്തിയിൽ നിലനിറുത്തുക, ജനവാസ മേഖലയെ പരിപൂർണമായി ഒഴിവാക്കുക, പരിസ്ഥിതിലോല മേഖല ഉഗ്രഹ സർവേ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കുക, കരുതൽ മേഖല വനാതിർത്തിയിൽ തന്നെ നിലനിറുത്തുക, ജനിച്ച മണ്ണിൽ ജീവിക്കാൻ അനുവദിക്കുക, സർവേയിൽ ഗ്രാമപഞ്ചായത്തിലെ രേഖകൾ പരിശോധിച്ച് ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആക്ഷൻ കൗൺസിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ പങ്കെടുത്തു. അമ്പൂരി സെന്റ് ജോർജ് ഫെറോന പള്ളിയിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. മാർച്ച് ജംഗ്ഷനിൽ സംഗമിച്ചു. തുടർന്ന് അമ്പൂരി ആക്ഷൻ കൗൺസിൽ ചെയർമാനും അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വത്സലരാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. അമ്പൂരി ആക്ഷൻ കൗൺസിൽ രക്ഷാധികാരിയും ഫെറോന പള്ളി വികാരിയുമായ ഫാ.ജേക്കബ് ചീരംവേലിൽ ഉദ്ഘാടനം ചെയ്തു. അമ്പൂരിയിലെ ജനവാസമേഖലയെ ബഫർസോണിൽ നിന്ന് ഒഴിവാക്കുന്നതുവരെ ബഫർസോണിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ നിന്ന് അമ്പൂരി ആക്ഷൻ കൗൺസിൽ പിന്മാറില്ലെന്ന് ഫാ.ജേക്കബ് ചീരംവേലിൽ പറഞ്ഞു. ഫാ.സ്കോട് സ്ളീബാ പുളിമൂടൻ മുഖ്യപ്രഭാഷണം നടത്തി.

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ കാര്യമായി ഇടപെടാത്തതാണ് ഉപഗ്രഹ സർവേയിലൂടെ വീണ്ടും ബഫർസോൺ പ്രശ്നത്തിൽ ജനവാസമേഖലകൾ ഉൾപ്പെടാൻ കാരണമായത്. കൂടുതൽ സമയം നൽകി ഗ്രാമപഞ്ചായത്തിലെ രേഖകൾ പരിശോധിച്ച് ജനങ്ങളെ ബാധിക്കാത്ത രീതിയിലുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും മുഖ്യപ്രഭാഷകൻ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മംഗലശ്ശേരി,അമ്പൂരി സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു പോളയ്ക്കൽ,ഫാ.നൈജിൽ സിറിയക്ക് തുടങ്ങിയവർ സംസാരിച്ചു.