തിരുവനന്തപുരം: ഇത്തവണ ക്രിസ്മസിനും പുതുവത്സരത്തിനും തലസ്ഥാന നഗരിക്ക് വർണക്കാഴ്ചകൾ ഒരുക്കി​ വി​നോദ സഞ്ചാരവകുപ്പ്. കനകക്കുന്നിലും പരിസരത്തുമാണ് ദീപാലങ്കാരം ഒരുക്കുന്നത്. ഇന്ന് വൈകി​ട്ട് 6ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നുവരെ നഗരം മിന്നിത്തിളങ്ങും.

നഗരത്തെ നൈറ്റ് ലൈഫിലേക്ക് നയിക്കുന്നതിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തി​ൽ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി തീം അധിഷ്ഠിത വെളിച്ചവിന്യാസമാണ് ഒരുക്കുന്നത്. എല്ലാദിവസവും രാത്രി ഒരു മണിവരെ ഇത് ആസ്വദിക്കാനാകും. കനകക്കുന്ന് കൊട്ടാരവളപ്പിലെ ഇടത് ഗേറ്റ് മുതൽ അകത്തേക്കുള്ള പുൽത്തക്കിടികളും നടപ്പാതകളും ചെടികളുമൊക്കെ വെളിച്ചത്തിൽ മനോഹരമാക്കും.

മ്യൂസിയം പൊലീസ് സ്റ്റേഷൻ മുതൽ ജവഹർ ബാലഭവൻ വരെയുള്ള വഴിയോരങ്ങളിലും ദീപവിതാനം മായക്കാഴ്ചയൊരുക്കും. പ്രവേശനകവാടത്തിൽ 40അടി നീളവും എട്ട് അടി ഉയരവുമുള്ള റെയിൻ ഡിയറും രഥവുമാണ് കാഴ്ചക്കാരെ സ്വാഗതം ചെയ്യുക. നൂറ് വീതം റെയിൻ ഡിയറുകളും ക്രിസ്മസ് ബെല്ലുകളും ക്രിസ്മസ് മരങ്ങളും വലിയ നക്ഷത്രങ്ങളും കനകക്കുന്നിൽ തെളിയും. അൻപതിടങ്ങളിൽ ഷുഗർ കാൻഡി സ്റ്റിക്കുകളും സ്ഥാപിക്കും. മരങ്ങൾ എൽ.ഇ.ഡി ലൈറ്റുകൾകൊണ്ട് അലങ്കരിക്കും. നിയോൺ വെളിച്ചത്തിൽ മുങ്ങുന്ന മരങ്ങളുമുണ്ടാകും. ട്രീ റാപ്പിംഗ് വെളിച്ചവിന്യാസം ആദ്യമായാണ് കനകക്കുന്നിലും പരിസരത്തും സജ്ജമാക്കുന്നത്. പ്രത്യേക ഇടങ്ങളിൽ വർണാഭമായ ഫോട്ടോ പോയിന്റുകളും ഒരുക്കുന്നുണ്ട്.