നന്മനിറഞ്ഞ പ്രതീക്ഷകൾ  പൂത്തുലയുന്ന അവസരമാകട്ടെ ക്രിസ്മസ്
കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ

സകല ജനതകൾക്കുമുള്ള സന്തോഷത്തിന്റെ സുവാർത്തയാണ് ക്രിസ്തുവിന്റെ ജനനം. വാഗ്ദാനങ്ങളുടെ പൂർത്തീകരണവും പ്രതീക്ഷകളുടെ സാഫല്യവുമാണത്. പാപത്തിന്റെ അടിമത്വത്തിൽ ആണ്ടുപോയ ജനതകൾക്കുളള വിമോചന കാഹളവുമായിരുന്നു അത്. ആരെയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളുന്ന സമഗ്രമായ രക്ഷാകരപദ്ധതിയുടെ സവിശേഷമായ ആരംഭമായിരുന്നു അത്. ദൈവകരുണയുടേയും ദൈവസ്നേഹത്തിന്റേയും സമാനതകളില്ലാത്ത കരകവിഞ്ഞൊഴുകൽ, ദൈവപുത്രന്റെ തിരുപ്പിറവി!
ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ് വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും (ലൂക്കാ 2:10-12). പ്രതീക്ഷയുടെ പെരുന്നാളിനെക്കുറിച്ച് ലൂക്കാ സുവിശേഷകൻ ഇങ്ങനെയാണ് എഴുതിത്തുടങ്ങിയത്.
മാനവ ചരിത്രത്തിൽ വലിയ പ്രതീക്ഷ നൽകിയ ഒരു സംഭവമായിരുന്നു യേശുവിന്റെ ജനനം. അനേക നൂറ്റാണ്ടുകൾ പാരതന്ത്ര്യത്തിലും പ്രവാസത്തിലും കഴിഞ്ഞ ഒരു ജനതയ്ക്ക് നൂറ്റാണ്ടുകൾ മുമ്പേ നൽകപ്പെട്ട, നിങ്ങൾക്കായി ഒരു രക്ഷകൻ പിറക്കുമെന്ന ദൈവിക വാഗ്ദാനത്തിന്റെ പൂർത്തീകരണമായിരുന്നു ക്രിസ്മസ്. വലിയ പ്രതീക്ഷയോടെയാണ് ആ സുവാർത്ത ലോകം ഏറ്റുവാങ്ങിയത്.
രണ്ടായിരത്തിലധികം സംവത്സരങ്ങൾക്കു മുമ്പ്, ദൈവം തെരഞ്ഞെടുത്ത വിശുദ്ധരായ മാതാപിതാക്കളിൽ നിന്ന്, മാലാഖമാരുടെ സ്തുതിഗീതങ്ങളുയർന്ന രാവിൽ വാനവും ഭൂമിയും സാക്ഷിയായി, ആട്ടിടയരും രാജാക്കന്മാരും സസ്യമൃഗജാലങ്ങളും കാവൽ നിന്ന മനോഹര രാത്രിയിൽ ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ ഒരു പുൽത്തൊഴുത്തിൽ പിറന്നു.
ഈ ഭൂമിയിലെ ഏറ്റവും ചെറിയവർക്കുപോലും ഇടമുണ്ടായിരുന്ന ആ പുൽക്കൂട് ഒരു പ്രതീക്ഷയാണ്. മാനത്തുദിച്ച താരകത്തിന്റെ സൂചന മനസ്സിലാക്കി ദൈവാന്വേഷണമാരംഭിച്ച ജ്ഞാനികൾ ഒരു വലിയ പ്രതീക്ഷയാണ്. താരകങ്ങൾ പ്രസരിപ്പിച്ച പുതുവെളിച്ചം ഒരു പ്രതീക്ഷയാണ്. തിന്മയുടെ അധിപന്മാർ ഭയപ്പെട്ട് അസ്വസ്ഥരായത് ഒരു പ്രതീക്ഷയാണ്. പുതിയ സ്നേഹഗീതികൾ മുഴങ്ങിയ രാത്രിയും പുതിയ പ്രതീക്ഷകൾ നൽകുന്നു. നോക്കൂ, ഒരു ജനനം ഏതൊക്കെ തലങ്ങളിലാണ് ലോകത്തിന് പ്രതീക്ഷ നൽകുന്നതെന്ന്. വെറും ജനനമല്ല, ദൈവപുത്രന്റെ ജനനം എന്നതാണ് അതിന്റെ വ്യത്യസ്തത.
നന്മനിറഞ്ഞ പ്രതീക്ഷകൾ പൂത്തുലയുന്ന അവസരമാകട്ടെ ക്രിസ്മസ്. ആരെയും നോവിക്കാനല്ല, എല്ലാവരെയും സ്നേഹിക്കാൻ ഓർമ്മിപ്പിക്കുന്ന തിരുനാൾ, ആരെയും ഒഴിവാക്കാനല്ല, എല്ലാവരേയും ചേർത്തുനിർത്താൻ പഠിപ്പിക്കുന്ന തിരുനാൾ, കണ്ണിനു പകരം കണ്ണെന്നല്ല, മറുകരണം കൂടി കാട്ടിക്കൊടുക്കാനുള്ള സ്നേഹത്തിന്റെ വിപ്ളവം പ്രഘോഷിക്കുന്ന തിരുനാൾ, ഏതു കാരണത്തിന്റെ പേരിലാണെങ്കിലും തിന്മയ്ക്ക് പകരം തിന്മ ചെയ്യുവാൻ അനുവാദമില്ലാത്തവരാണ് തങ്ങൾ എന്ന ബോധമുള്ളവരാണ് ക്രിസ്മസിന്റെ പൊരുൾ തിരിച്ചറിയുന്നതും വിളക്കുകൾ തെളിയിക്കുന്നതും. അന്ധകാരത്തിലിരുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു, പ്രകാശം കണ്ടവൻ അന്ധകാരത്തെ ആഘോഷിക്കുകയോ? ഒരിക്കലും പാടില്ല.
800 കോടി മനുഷ്യർ അധിവസിക്കുന്ന ഈ ഭൂമിയുടെ ഏതു കോണിലാണ് സ്നേഹത്തിന്റെ ഈ സദ്വാർത്ത പ്രസക്തമല്ലാത്തത്, അതാണ് ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷ. “എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനിയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്, അവന്റെ സമാധാനം അനന്തവും. നീതിയിലും ധർമത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാൻ തന്നെ” (ഏശയ്യാ 9 : 6-7),
സമാധാനത്തിന്റെയും ശാന്തിയുടേയും രക്ഷയുടെയും പ്രത്യാശ നൽകുന്ന ഈ തിരുനാൾ നിങ്ങൾക്കേവർക്കും പുതിയ പ്രതീക്ഷകൾ നൽകട്ടെ! ദൈവം അനുഗ്രഹിക്കട്ടെ! ഹാപ്പി ക്രിസ്മസ്!