തിരുവനന്തപുരം:സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിലിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത മഹിളാമോർച്ച അടക്കമുള്ള ബി.ജെ.പി പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ്,നേതാക്കളായ ബീന,മിനി, അജിതകുമാരി,അഞ്ജന, ലതികാപ്രദീപ്,അഭിജിത്,ഹരിലാൽ,മണികണ്ഠൻ,പ്രതാപൻ,നന്ദു എന്നിവരാണ് ഇന്നലെ വൈകിട്ടോടെ ജയിൽ മോചിതരായത്.തിങ്കളാഴ്ച നടത്തിയ മാർച്ചിനിടെ ഇ.കെ.നായനാർ ട്രസ്റ്റിന്റെ ഓഫീസ് പ്രവർത്തകർ അടിച്ചുതകർക്കുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു.
ഡി.ആർ.അനിലിന്റെ ഓഫീസ് ഉപരോധിച്ചു
അതിനിടെ, ഇന്നലെ ഡി.ആർ.അനിലിന്റെ നഗരസഭയിലെ ഓഫീസ് ബി.ജെ.പി കൗൺസിലർമാർ ഉപരോധിച്ചു.കൗൺസിൽ യോഗത്തിനിടെ ബി.ജെ.പി വനിതാ കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാർമശം നടത്തിയ അനിലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. എം.ആർ.ഗോപൻ, വി.ജി.ഗിരികുമാർ, സിമി ജ്യോതിഷ് തുടങ്ങിയവർ നേതൃത്വം നൽകി.സമരം നടക്കുമ്പോൾ അനിൽ ഓഫീസിലുണ്ടായിരുന്നില്ല.നഗരസഭയിലെ അഴിമതിക്കും പിൻവാതിൽ നിയമനത്തിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.