കഴക്കൂട്ടം: പള്ളിപ്പുറം പ്രീപ്രൈമറി കുട്ടികളുടെ പഠനം നിലവാരത്തിലേക്ക് ഉയർത്താൻ സമഗ്രശിക്ഷ സ്റ്റാർസ് പദ്ധതി നടപ്പിലാക്കാൻ പള്ളിപ്പുറം ഗവൺമെന്റ് എൽ.പി സ്കൂളിന് പത്ത് ലക്ഷം രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ചു പ്രീപ്രൈമറി വിഭാഗം ഭാഷയിടം, വരയിടം, കുഞ്ഞരങ്ങ് തുടങ്ങി 13 പ്രവർത്തനയിടങ്ങൾ സജ്ജീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ മുഖ്യരക്ഷാധികാരിയായി സമിതി രൂപീകരിച്ചു. പദ്ധതിയുടെ രൂപരേഖ സംഘാടക സമിതിയിൽ സംഗീത ടീച്ചർ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിത ബീവി, പഞ്ചായത്ത് അംഗങ്ങളായ മുരളീധരൻ നായർ, കൃഷ്ണൻ കുട്ടി, അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ആലുംമൂട് സഫർ, പൂർവ വിദ്യാർത്ഥി മനോജ്, സി.ആർ.സി കോഓർഡിനേറ്റർ രാജേഷ് ലാൽ, ബിന്ദു, പ്രഥമാദ്ധ്യാപിക സാജിത ബീവി, മുൻ എച്ച്.എം രാജി എന്നിവർ സംസാരിച്ചു.