തിരുവനന്തപുരം: രാത്രിയിൽ ജനത്തെ വലച്ച് നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടൽ. അരുവിക്കരയിൽ നിന്ന് മൺവിള ടാങ്കിലേക്കുള്ള,അമ്പലമുക്ക് - വയലിക്കട റോഡിൽ സാന്ത്വന ആശുപത്രിക്കു സമീപത്ത് 900 എം.എം പൈപ്പാണ് ഇന്നലെ പൊട്ടിയത്.ഉച്ചയോടെ ഈ ലൈനിൽ ലീക്ക് കണ്ടെത്തിയിരുന്നു. ഇതുവഴി രണ്ട് ലൈനുകളാണ് കടന്നുപോകുന്നത്.ചെറിയ ലൈനുകൾ അടച്ച് ആദ്യം പരിശോധിച്ചെങ്കിലും ചോർച്ചയുടെ ഉറവിടം കണ്ടെത്താനായില്ല.തുടർന്ന് പ്രധാന ലൈനിൽ മണിക്കൂറുകൾ നീണ്ട പരിശോധനയിലാണ് പൈപ്പ് പൊട്ടിയതാണെന്ന് മനസിലായത്.രാത്രിയോടെ പൈപ്പ് ലൈൻ അടച്ച് വാട്ടർ അതോറിട്ടി അറ്റകുറ്റപ്പണി തുടങ്ങി.പൈപ്പ് പൂർണായും മാറ്റേണ്ടിവന്നാൽ ഇന്ന് രാത്രി 10 മണിവരെ കുടിവെള്ള വിതരണം മുടങ്ങുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ (നോർത്ത്)​ പറഞ്ഞു. പൈപ്പിന് 27 വർഷത്തെ പഴക്കമുണ്ട്. ഇവിടെ മുമ്പും പലതവണ പൈപ്പ് പൊട്ടിയിട്ടുണ്ട്.

രാത്രി അപ്രതീക്ഷിതമായി പൈപ്പ് പൊട്ടിയതോടെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. കുടിക്കാനും കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും വെള്ളം ലഭിക്കാതെ വന്നതോടെ അക്ഷരാർത്ഥത്തിൽ ജനം നരകിച്ചു. ജലവിതരണം മുടങ്ങിയതിനാൽ ഇന്ന് രാവിലെ വിദ്യാർത്ഥികളും ജോലിക്ക് പോകേണ്ടവരും ഏറെ വലയും.

 ജലവിതരണം മുടങ്ങുന്നത് ഇവിടെയൊക്കെ
കേശവദാസപുരം,നാലാഞ്ചിറ,പരുത്തിപ്പാറ,പാറോട്ടുകോണം,കരിയം,ശ്രീകാര്യം,പൗഡിക്കോണം, ചെല്ലമംഗലം,ഞാണ്ടൂർക്കോണം,മണ്ണന്തല,ചെമ്പഴന്തി,പാങ്ങപ്പാറ,കഴക്കൂട്ടം,കാര്യവട്ടം, ടെക്‌നോപാർക്ക്,മൺവിള,കുഴിവിള,തൃപ്പാദപുരം,കുളത്തൂർ,പള്ളിപ്പുറം സി.ആർ.പി.എഫ്, പോങ്ങുംമൂട്,ഉള്ളൂർ,പ്രശാന്ത് നഗർ,ആക്കുളം,ചെറുവയ്ക്കൽ.

ടാങ്കറിൽ വെള്ളം വേണ്ടവർ വാട്ടർ അതോറിട്ടിയുടെ ഹെൽപ് ലൈൻ നമ്പറായ 8547697340 ൽ ബന്ധപ്പെടണം.തിരുവനന്തപുരം കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻട്രം ആപ്പിലൂടെ ടാങ്കർ വഴി ജലം വേണ്ടവർ 9496434488 (24 മണിക്കൂർ)​ ൽ ബന്ധപ്പെടണം.