വിതുര : റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നതിനാൽ പ്രദേശവാസികളും നാട്ടുകാരും ഏറെ ബുദ്ധിമുട്ടുന്നതായി പരാതിയുയരുന്നു. മാലിന്യം അഴുകി ദുർഗന്ധം പരത്തുന്നതുമൂലം മൂക്ക് പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. വിതുര - നന്ദിയോട് - പാലോട് റോഡിൽ ചെറ്റച്ചൽ ജവഹർ നവോദയ സ്കൂൾ ജംഗ്ഷൻ മുതൽ പച്ചവരെയുള്ള ഭാഗത്താണ് മാലിന്യനിക്ഷേപം രൂക്ഷമാകുന്നത്. റോഡരികിലെ വിജനമായ മേഖലകളിൽ രാത്രികാലങ്ങളിലാണ് വാഹനങ്ങളിലായി മാലിന്യം കൊണ്ടിറക്കുന്നത്. ഇറച്ചി വില്പന കേന്ദ്രങ്ങളിൽ നിന്നുള്ള വേസ്റ്റുകളാണ് കൂടുതലും ചാക്കുകളിലായി കൊണ്ടുവന്ന് റോഡരികിൽ നിക്ഷേപിക്കുന്നത്. പച്ചക്കറി കടകളിൽ നിന്നുള്ള മാലിന്യവും വീടുകളിൽ നിന്നുള്ള വേസ്റ്റുകളുംവരെ രാത്രിയിൽ കൊണ്ടുവന്നിടുന്നത് പതിവായിട്ടുണ്ട്. ഇവിടെ മാലിന്യനിക്ഷേപം തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്നാവശ്യപ്പെട്ട് അനവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. വിതുര, നന്ദിയോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കാലങ്കാവ് മേഖലയിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിവേദനം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രദേശത്ത് തെരുവ്നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. നായ്ക്കൾ വഴിപോക്കരെ കടിച്ച് പരിക്കേൽപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നായശല്യം മൂലം സ്കൂൾ വിദ്യാർത്ഥികളും പ്രതിസന്ധിയിലാണ്.

 കാട്ടുപന്നികളെ ഭയക്കണം

മാലിന്യ നിക്ഷേപം രൂക്ഷമായ കാലങ്കാവ് മേഖലയിൽ കാട്ടുപന്നിശല്യവും അതിരൂക്ഷമാണ്. പകൽസമയത്ത് പോലും കാട്ടുപന്നികൾ ഭീതി പരത്തി വിഹരിക്കുന്ന അവസ്ഥയാണ്. പന്നികളുടെ ആക്രമണത്തിൽ അനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വനമേഖലയായതിനാൽ വനത്തിൽനിന്നും പന്നികൾ മാലിന്യം തിന്നാൻ റോഡിലേക്കിറങ്ങുകയാണ് പതിവ്. കഴിഞ്ഞ ദിവസം വൈകിട്ട് നന്ദിയോട് നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തൊളിക്കോട് വിനോബാ നികേതൻ സ്വദേശിയായ രണ്ടുപേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

 മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി

കാലങ്കാവിന് സമീപം റോഡരികിൽ പച്ചക്കറിക്കടയിൽ നിന്നുമുള്ള വേസ്റ്റ് കൊണ്ടിട്ടവരെ വനപാലകരും പഞ്ചായത്തംഗവും ചേർന്ന് പിടികൂടുകയും മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തിരുന്നു. നന്ദിയോട് എസ്.കെ.വി എച്ച്.എസിന് സമീപമുള്ള പച്ചക്കറിക്കടയിൽ നിന്നാണ് മാലിന്യംകൊണ്ടിട്ടത്. നാട്ടുകാർ ഫോറസ്റ്റിൽ പരാതി നൽകിയിരുന്നു. തുടർന്ന് വനപാലകർ പരിശോധന നടത്തിയപ്പോൾ പച്ചക്കറിക്കടയുടെ ബില്ലുകൾ കണ്ടെത്തി. തുടർന്ന് ഫോറസ്റ്റ് ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ വനപാലകർ പച്ചക്കറിക്കടയിൽ എത്തുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയുമായിരുന്നു. നന്ദിയോട് പഞ്ചായത്തംഗം കടുവാച്ചിറ സനലും ഒപ്പമുണ്ടായിരുന്നു. പ്രദേശത്ത് ഇറച്ചി വേസ്റ്റ് കൊണ്ടിടുന്നവരെക്കൂടി പിടികൂടാൻ നടപടി സ്വീകരിക്കണമെന്ന് കാലങ്കാവ് നിവാസികൾ ആവശ്യപ്പെട്ടു.