
മലയിൻകീഴ് : മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട കൂവളശേരി ശ്രീ മഹാദേവർ ക്ഷേത്ര റോഡ് തകർന്ന് തരിപ്പണമായിട്ട് വർഷങ്ങൾ കഴിഞ്ഞു. ഈ റോഡിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങൾക്ക്. പഞ്ചായത്തിലെ ഓഫീസ് വാർഡ്, മണ്ണടിക്കോണം വാർഡ്, കൂവളശേരി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണ് ജനപ്രതിനിധികളുടെ അനാസ്ഥകാരണം സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും സാദ്ധ്യമല്ലാത്ത നിലയിലാണിന്ന്. കാട്ടാക്കട - നെയ്യാറ്റിൻകര പ്രധാന റോഡിലെത്താനുള്ള ഏകമാർഗം കൂടിയാണ് കൂവളശേരി ക്ഷേത്ര റോഡ്. റോഡ് തകർന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ കുഴികളിൽ വീണ് അപകടത്തിലാകുന്നതും പതിവായിട്ടുണ്ട്. സർക്കസ് പരിശീലനമുള്ളവർക്കേ പകൽ സമയത്ത് ഇരുചക്രവാഹനങ്ങളിൽ ഈ റോഡിലൂടെ ലക്ഷ്യ സ്ഥാനത്തെത്താനാകൂവെന്നാണ് നാട്ടുകാർ പറയുന്നത്.
ബുദ്ധിമുട്ടുകൾ അനവധി
യാത്രാബുദ്ധിമുട്ടുകൾ അതിജീവിച്ച് സ്കൂൾ ബസുകൾ, കാർ, മിനി ലോറി തുടങ്ങി നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. നിരവധി കുടുംബങ്ങൾ ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നു. അറ്റകുറ്റപ്പണികൾ പലവട്ടം നടത്തിയെങ്കിലും ഈ റോഡ് പൂർണമായും നവീകരിച്ചിട്ട് 35 വർഷത്തിലേറെയായി. പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഈ റോഡിന്റെ അറ്റകുറ്റപ്പണി പലവട്ടം ചെയ്തെങ്കിലും ഭൂരിഭാഗവും വൻ കുഴികളാണ്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും പ്രദേശവാസികളും നിരവധി തവണ ജനപ്രതിനിധികളെയും പഞ്ചായത്ത് അധികൃതരെയും സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് അവരിൽ നിന്ന് ലഭിക്കുന്നത്.
കൂവളശേരി ക്ഷേത്ര റോഡ്
ചെമ്പേരി, നവോഥയ ലൈനിലൂടെ മാറനല്ലൂർ - ആര്യംകോട് പുന്നാവൂരിൽ ചേരുന്നതാണ് കൂവളശേരി ക്ഷേത്രറോഡ്. പുന്നാവൂർ പാലം പണി നടക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. അതിനാൽത്തന്നെ റോഡിന്റെ ശോചനീയാവസ്ഥ വർദ്ധിച്ചിട്ടുമുണ്ട്. പ്രസിദ്ധമായ കൂവളശേരി ശ്രീമഹാദേവർ ക്ഷേത്രത്തിലെത്തുന്നവരും റോഡിന്റെ തകർച്ച മൂലം നന്നേ ബുദ്ധിമുട്ടുകയാണ്. തകർന്ന ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.