road

നെയ്യാറ്റിൻകര: ടാറിട്ട് തീർന്നതിന് അടുത്ത ദിവസം റോഡ് കുത്തിപ്പൊളിച്ച് താറുമാറാക്കി. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ടാറിംഗ് നടത്തിയ പെരുമ്പഴുതൂർ - അരുവിപ്പുറം റോഡാണ് ഇന്നലെ രാവിലെയോടെ കുത്തിപ്പൊളിച്ച് താറുമാറാക്കിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണി നടത്താനായിട്ട് റോഡ് കുത്തിപ്പൊളിച്ചതെന്നാണ് വിവരം. 30,31,1 തീയതികളിൽ നടക്കുന്ന ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദിനം പ്രതി ആയിരക്കണക്കിന് ഭക്തരാണ് നെയ്യാറ്റിൻകര -പെരുമ്പഴുതൂർ റോഡ് വഴി അരുവിപ്പുറത്തെത്തുന്നത്. ബസുകളിലും മറ്റ് വലിയ വാഹനങ്ങളിലുമെത്തുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥം എല്ലാ വർഷവും വിപുലമായ സൗകര്യങ്ങളും മുന്നൊരുക്കങ്ങളുമാണ് ഇവിടെ തയാറാക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം പ്രധാനമായും അരുവിപ്പുറത്തേയ്ക്കുള്ള റോഡും അറ്റകുറ്റപ്പണി നടത്തി ടാറിട്ടത്. പെരുമ്പഴുതൂർ ജംഗ്ഷനിൽ നിന്ന് അരുവിപ്പുറം ഭാഗത്തേയ്ക്ക് തിരിയുന്ന ഭാഗത്താണ് റോഡ് ആഴത്തിൽ കുഴിച്ച് പൈപ്പിന്റെ ചോർച്ച അടയ്ക്കുന്നതിനുളള അറ്റകുറ്റപ്പണി നടത്തുന്നത്. അടിയ്ക്കടി പൈപ്പ് പൊട്ടലുണ്ടാകുന്ന ഈ ഭാഗത്ത് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ റോഡ് ടാറിംഗ് നടത്തിയതാണ് റോഡ് കുത്തിപ്പൊളിക്കാനിടയാക്കിയതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.