chcvellarada

വെള്ളറട: ഡോക്ടർമാരുടെ കുറവ് വെള്ളറട സർക്കാർ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കി. രാത്രികാലങ്ങളിൽ രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരില്ലാതെവരുന്നത് പലപ്പോഴും സംഘർഷത്തിനിടയാക്കുന്നു. മലയോരമേഖലയിലെ പ്രധാന കിടത്തി ചികിത്സാവിഭാഗം പ്രവർത്തിക്കുന്ന വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സ്ഥിതി ദിനംപ്രതി മോശമായി വരികയാണ്. ആശുപത്രിയുടെ കാര്യത്തിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധവും ശക്തമാണ്. ആയിരത്തോളം പേ‌ർ ദിവസവും ചികിത്സതേടിയെത്തുന്ന ആശുപത്രിയിൽ ഇപ്പോൾ ആവശ്യത്തിന് ഡോക്ടർമാരില്ല. ഇതുകാരണം കിടത്തി ചികിത്സ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ടുതന്നെ വർഷങ്ങളായി. കാഷ് പദവി ലഭിച്ച ആശുപത്രിയാണ് ഇന്ന് ഈ അവസ്ഥയിൽ കിടക്കുന്നത്. മലയോര ഗ്രാമപഞ്ചാത്തായ വെള്ളറട, അമ്പൂരി, കുന്നത്തുകാൽ, ആര്യങ്കോട് പഞ്ചായത്തിലെ ജനങ്ങളും അതിർത്തിക്കപ്പുറത്ത് തമിഴ്നാട്ടിലെ ജനങ്ങളും ചികിത്സതേടിയെത്തുന്നതും ഇവിടെയാണ്.

 സ്റ്റാഫുകൾ ഇല്ല

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. എന്നാൽ അതിനനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ അനുവദിച്ചിട്ടില്ല. ഏഴ് സർക്കാർ ഡോക്ടർമാർ ഡ്യൂട്ടിചെയ്യേണ്ട സ്ഥലത്ത് ഇപ്പോൾ വെറും രണ്ടുപേരുടെ സേവനമാണ് ലഭിക്കുന്നത്. ഇതിൽ ഒരാളാണ് മെഡിക്കൽ ഓഫീസറുടെ ചാർജ് വഹിക്കുന്നത്. ഇതിനു പുറമെ രണ്ട് എൻ.ആർ.എച്ച്.എം ഡോക്ടർമാരാണുള്ളത്. മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോക്ടർക്ക് ഓഫീസ് കാര്യങ്ങൾ നിർവഹിക്കേണ്ടതിനാൽ പലപ്പോഴും രോഗികളെ നോക്കാൻ കഴിയുന്നില്ല.

 ഡോക്ടർമാരുടെ എണ്ണം

മുൻപ് ....... 7

നിലവിൽ ....... 3

 പ്രവർത്തനം സങ്കീർണം

നേരത്തേ ഏഴ് ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച രണ്ടുപേരും എൻ.ആർ.എച്ച്.എമ്മിലെ രണ്ടുപേരും പി.എസ്.സിയിൽ നിന്നെത്തിയ മൂന്നുഡോക്ടർമാരുടെയും സേവനം ലഭിച്ചിരുന്നപ്പോൾ 24 മണിക്കൂറും പ്രവർത്തനം കാര്യക്ഷമമായി നടന്നു. എന്നാൽ ഇപ്പോൾ രാത്രിയിൽ ഒ.പി പ്രവർത്തിപ്പിക്കാൻ പലപ്പോഴും ഡോക്ടർ ഇല്ലാത്ത സാഹചര്യമാണ്. ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച രണ്ട് ഡോക്ടർമാരെയും പിൻവലിച്ചതോടെയാണ് ആശുപത്രിയിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായത്.

ഡോക്ടർമാർ വേണം

ആരോഗ്യ വകുപ്പ് കൂടുതൽ ഡോക്ടർമാരെ നിയമിച്ചാൽ മാത്രമേ മലയോരത്തെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ കഴിയൂ. അടിയന്തര ചികിത്സതേടിയെത്തുന്നവർ സ്വകാര്യ ആശുപത്രികളെ അഭയം തേടിപ്പോകേണ്ട അവസ്ഥയാണ്. ഇത് ആശുപത്രിയിൽ പലപ്പോഴും രോഗികളുടെ പ്രതിഷേധത്തിന് കാരണമാകുന്നു. ഡോക്ടർമാരെ പോലെ തന്നെ മറ്റു ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടിയില്ല. നഴ്സുമാരും ഗ്രേഡ് ടു ജീവനക്കാരും ഫാർമസി വിഭാഗത്തിലും ലാബിലും ജീവനക്കാരുടെ കുറവുണ്ട്.