
രണ്ടുവർഷത്തിലധികം ലോകത്തെ വിറപ്പിച്ച കൊവിഡ് മഹാമാരി വീണ്ടും തലപൊക്കാനിടയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ഒരിക്കൽക്കൂടി ജാഗ്രതയും പരമാവധി കരുതലും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഇപ്പോഴുണ്ടായിരിക്കുന്ന രോഗവ്യാപനം. കൊവിഡ് രോഗാണുവിനെ ലോകത്തേക്കു തള്ളിവിട്ടത് ചൈനയാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഇപ്പോൾ കൊവിഡ് മൂലം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതും ചൈനയാണെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് രോഗികളെക്കൊണ്ട് ചൈനയിലെ ആശുപത്രികൾ നിറഞ്ഞുകവിയുകയാണ്. മരണനിരക്കും കുതിച്ചുയരുന്നുണ്ട്. ചൈനയിൽ മാത്രം അടുത്ത വർഷാവസാനത്തോടെ രോഗം പിടിപെട്ട് പത്തുലക്ഷം പേരെങ്കിലും മരിക്കാനിടയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ചൈനക്കാരിൽ അറുപതു ശതമാനത്തിനും കൊവിഡ് പിടിപെട്ടേക്കാമെന്നും മരണനിരക്ക് വല്ലാതെ ഉയർന്നേക്കാമെന്നും ആശങ്ക പരന്നിട്ടുണ്ട്.
ജപ്പാൻ, അമേരിക്ക, കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും അനിയന്ത്രിതമായ നിലയിൽ മഹാമാരി വ്യാപിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കൊവിഡിനെതിരെ പതിന്മടങ്ങ് ജാഗരൂകരാകാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. മറ്റൊരു രാജ്യവും ചെയ്യാത്തവിധത്തിൽ ജനങ്ങളിൽ ഭൂരിപക്ഷത്തിനും പ്രതിരോധവാക്സിൻ നൽകാൻ ഇന്ത്യയ്ക്കു സാധിച്ചിരുന്നു. കൊവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ട രാജ്യങ്ങളുടെ പട്ടികയിലും പ്രമുഖസ്ഥാനം നേടാൻ ഇന്ത്യയ്ക്കു സാധിച്ചത് ചില്ലറ കാര്യമൊന്നുമല്ല. പ്രതിരോധ വാക്‌സിൻ ഒന്നാം ഡോസ് ഏതാണ്ട് മുഴുവൻ പേർക്കും നൽകാൻ കഴിഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ സംഖ്യയും ഒട്ടും കുറവല്ല. മുതിർന്ന പൗരന്മാർക്കും അനുബന്ധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും പ്രത്യേക കരുതലായി മൂന്നാം ഡോസ് കുത്തിവയ്പ് നൽകിയതും രോഗവ്യാപനം ഫലപ്രദമായി തടയാൻ ഉപകരിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ കൊവിഡ് കാലത്ത് കൈക്കൊണ്ട കർക്കശമായ പ്രതിരോധ നടപടികൾ നല്ലതോതിൽ രോഗവ്യാപനം തടയാൻ കാരണമായിട്ടുണ്ട്. വീണ്ടുമൊരു രോഗവ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കു മുന്നിൽ ഭയപ്പെടാതിരിക്കാനുള്ള അനുഭവസമ്പത്ത് നാം നേടിക്കഴിഞ്ഞു എന്നത് നിസാര കാര്യമല്ല.
കൂടുതൽ അപകടകാരികളായ വൈറസാണോ പുതിയ വ്യാപനത്തിനു പിന്നിലുള്ളതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് രോഗം പിടിപെടുന്നവരിൽ നിന്ന് സാമ്പിൾ ശേഖരിച്ച് കൃത്യമായ പരിശോധനയ്ക്ക് നിശ്ചിത ലാബുകളെ ഏല്പിക്കണമെന്ന നിർദ്ദേശമുള്ളത്. ഇന്ത്യയിൽ സജീവ കൊവിഡ് കേസുകൾ നന്നേ കുറഞ്ഞ് നിൽക്കുന്നത് ആശ്വാസപ്രദമാണ്. എല്ലാ സംസ്ഥാനങ്ങളിലുമായി 3500 പോലും വരില്ല ഇപ്പോൾ രോഗികളുടെ സംഖ്യ. കഴിഞ്ഞ ദിവസം കൊവിഡുമായി ആശുപത്രിയിലെത്തിയവർ 112 പേർ മാത്രമായിരുന്നു എന്നാണ് രേഖകൾ. തീർച്ചയായും ഈ കണക്കുകൾ ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നിയന്ത്രണങ്ങൾ പാടേ എടുത്തുകളഞ്ഞതും പൂർണമായും കൊവിഡ് മുക്തമെന്നു പ്രഖ്യാപിച്ച് സാധാരണ നിലയിലേക്കു മടങ്ങിയതുമാണ് ചൈനയെ കുഴപ്പത്തിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രശ്നത്തിൽ ചൈന സ്വീകരിച്ച പല നടപടികളും തെറ്റായിരുന്നുവെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ അതിഭീകരമായ രോഗവ്യാപന നിരക്ക്.
ഇന്ത്യയിൽ കൊവിഡിന്റെ ആദ്യനാളുകളിലെ കടുത്ത നിയന്ത്രണങ്ങൾക്കും അടച്ചിടലിനും സാംഗത്യമില്ലെങ്കിലും വർദ്ധിച്ച ജാഗ്രതയും കരുതലും സ്വീകരിക്കുകതന്നെ വേണമെന്ന വിദഗ്ദ്ധാഭിപ്രായം മാനിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും വരാനില്ല. കൊവിഡ് എന്ന അതിഭീകരനെ ഫലപ്രദമായി നേരിട്ടതിന്റെ അനുഭവപാഠങ്ങൾ മുമ്പിലുണ്ട്. എന്നിരുന്നാലും ജാഗ്രതയും കരുതലും രോഗത്തെ പടിക്കുപുറത്തുതന്നെ നിറുത്താൻ ഏറെ സഹായിക്കും.