കല്ലമ്പലം : ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ മുള്ളറംകോട് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കുട്ടികൾക്ക് അങ്കണവാടിയിൽ പോലും പോകാൻ കഴിയുന്നില്ല.പന്നിയെ ഭയന്ന് കുട്ടികൾക്കും മുതിർന്നവർക്കും നിലവിൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്.ഇതുമൂലം കുട്ടികളെ പുറത്തിറക്കാൻ രക്ഷിതാക്കളും മടിക്കുകയാണ്.തൊഴിലുറപ്പ് തൊഴിലാളികളെ അടുത്തിടെയാണ് പന്നി ആക്രമിച്ചത്.മരച്ചീനി,ചേന,ചേമ്പ് തുടങ്ങിയ കൃഷികൾ വ്യാപകമായി പന്നികൾ നശിപ്പിക്കുന്നതു മൂലം കർഷകർക്ക് കൃഷി ഇറക്കാൻ കഴിയുന്നില്ല.പഞ്ചായത്തിലും കൃഷിഭവനിലും ഗ്രാമസഭയിലും പലതവണ നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. എത്രയും വേഗം പഞ്ചായത്ത് സംഭവത്തിൽ ഇടപെടണമെന്നും അല്ലാത്ത പക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മുൻ വാർഡംഗം ബി.ശ്രീകുമാർ അറിയിച്ചു.