തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലെ വെള്ളം കോരിക്കുടിക്കാവുന്ന തരത്തിൽ മാലിന്യമുക്തമാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനുള്ള ഇടപെടലാണ് ജലപരിശോധന ലാബുകൾ. ഗുണനിലവാരമുള്ള വാട്ടർ അതോറിട്ടി ലാബുകൾ നാടിന് മുതൽക്കൂട്ടാണ്. കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പുവരുത്തുന്നതിൽ ലാബുകൾ ചെയ്യുന്ന സേവനം ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ച ജല അതോറിട്ടിയുടെ 82 കുടിവെള്ള ഗുണനിലവാര പരിശോധന ലാബുകളുടെ പ്രവർത്തനോദ്ഘാടനം വെള്ളയമ്പലം ജലഭവനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളിലും ജലജീവൻ മിഷൻ പദ്ധതിയിലൂടെ ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാനത്ത് ശാസ്ത്ര ലാബുകൾ പ്രവർത്തിക്കുന്ന എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും കുട്ടികൾക്കും അദ്ധ്യാപകർക്കും കുടിവെള്ള ഗുണനിലവാര പരിശോധന നടത്താനുള്ള പരിശീലനം നൽകും. 2019ൽ ഗ്രാമീണമേഖലയിൽ 17 ലക്ഷം കണക്ഷൻ എന്നത് 2024ൽ ജലജീവൻ മിഷൻ പൂർത്തിയാകുമ്പോൾ 71 ലക്ഷമാകും. ഈ സാഹചര്യത്തിൽ വാട്ടർ അതോറിട്ടിയുടെ നിലനില്പിനായി കുടിശിക അടച്ചും ഭാവിയിൽ കുടിശിക വരുത്താതെയും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ഓർമപ്പെടുത്തി. ഉപഭോക്താക്കൾക്ക് മീറ്റർ റീഡിംഗ് സ്വന്തമായി ചെയ്യാനുള്ള കെ സെൽഫ്,​ മീറ്റർ റീഡർമാർക്കുള്ള കെ മീറ്റർ എന്നിവയും മന്ത്രി പുറത്തിറക്കി.​ മന്ത്രി ആന്റണി രാജു,​ പ്രമോദ് നാരായണൻ എം.എൽ.എ(റാന്നി)​, ജലവിഭവവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ.വി.വേണു, വാട്ടർ അതോറിട്ടി എം.ഡി വെങ്കടേസപതി,​ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, തിരുവനന്തപുരം ജില്ലാകളക്ടർ ജെറോമിക് ജോർജ്, കൗൺസിലർ പാളയം രാജൻ, വാട്ടർ അതോറിട്ടി ബോർഡ് അംഗങ്ങളായ അഡ്വ.ജോസ് ജോസഫ്, ഷാജി പാമ്പൂരി, ഉഷാലയം ശിവരാജൻ എന്നിവർ സംസാരിച്ചു.