പുഷ്പോത്സവം പ്രവേശനം വൈകിട്ട് 3 മുതൽ
തിരുവനന്തപുരം: നിശാഗന്ധിയിൽ ക്രിസ്‌മസ് - പുതുവത്സരാഘോഷങ്ങൾക്ക് വർണാഭമായ തുടക്കമായി. റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ 50ാം വർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നൃത്തപരിപാടികളുടെയും നഗരവസന്തം പുഷ്പോത്സവത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
മേയർ ആര്യാ രാജേന്ദ്രന് റോസാച്ചെടിയും റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്ടർ ഗിരിജ ചന്ദ്രന് ചിലങ്കയും നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ മന്ത്രി മുഹമ്മദ് റിയാസും നിർവഹിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം സംഘടിപ്പിക്കുന്ന ആഘോഷങ്ങൾ ആനന്ദവും ആഹ്ളാദവും സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സംസ്ഥാന രൂപീകൃതമായ ശേഷം ഏറ്റവുമധികം ആഭ്യന്തര വിനോദസഞ്ചാരികൾ കേരളത്തിലെത്തിയ വർഷമാണിതെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ടൂറിസം വകുപ്പ് ഡയറക്ടർ പ്രേംകൃഷ്ണൻ, കൺസിലയർ ഡോ.റീന തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം റിഗാറ്റ നാട്യ സംഗീത കേന്ദ്രയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്ത പരിപാടി അരങ്ങേറി. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം ജനുവരി രണ്ടിന് സമാപിക്കും.