
ശിവഗിരി: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുളള ഔദ്യോഗിക പദയാത്ര ഇന്ന് വൈകുന്നേരം 3ന് കോട്ടയം നാകമ്പടം ക്ഷേത്രമുറ്റത്തെ മാവിൻചുവട്ടിൽ നിന്ന് ആരംഭിക്കും. ഇവിടെ വച്ചാണ് ശിവഗിരി തീർത്ഥാടനം എന്ന ആശയത്തിന് ശ്രീനാരായണ ഗുരുദേവൻ അനുമതി നൽകിയത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക കൈമാറും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. സ്വാമി ഋതംഭരാനന്ദ തീർത്ഥാടന സന്ദേശം നൽകും. തോമസ് ചാഴിക്കാടൻ എം.പി, നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, സെക്രട്ടറി വി.കെ.രാജീവ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പദയാത്ര സ്വാഗതസംഘം ചെയർമാൻ സി.ഡി.അജയകുമാർ അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചാരണസഭ കോട്ടയം ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ സ്വാഗതവും ജനറൽ കൺവീനർ ചന്ദ്രൻ പുളുങ്കുന്ന് നന്ദിയും പറയും.
ഗുരുധർമ്മ പ്രചാരണസഭ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് രാവിലെ പത്തനംതിട്ട ടൗൺ ശാഖാ അങ്കണത്തിൽ നിന്ന് ജില്ലാ ഔദ്യോഗിക പദയാത്ര പുറപ്പെടും. സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രകാശം പദയാത്രാ ക്യാപ്റ്റൻ കണഞ്ഞൂർ രാജേന്ദ്രന് പതാക കൈമാറും. ഗുരുധർമ്മ പ്രചാരണസഭാ ജില്ലാ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ, സെക്രട്ടറി എം.എസ്.ബിജുകുമാർ, ജോയിന്റ് സെക്രട്ടറി മനുരാജ്, കേന്ദ്രസമിതി അംഗങ്ങളായ ബിന്ദുവാസ്തവ, മണിയമ്മ ഗോപിനാഥ് തുടങ്ങിയവർ നേതൃത്വം നൽകും.