strike

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും കോളേജ് അദ്ധ്യാപകർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.എസ്.എസ്. വിവേകാനന്ദനെതിരെ ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപക സംഘടനകൾ പ്രതിഷേധിച്ചു. എച്ച്.എസ്.എസ്.ടി.എ, എ.എച്ച്.എസ്.ടി.എ, കെ.എ.എച്ച്.എസ്.ടി.എ തുടങ്ങിയ ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകൾ തങ്ങളുടെ വിയോജിപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചു.

പരീക്ഷാ വിഭാഗത്തിന് നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന വീഴ്ചകളുടെ ഉത്തരവാദിത്വം അദ്ധ്യാപകരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് ജോയിന്റ് ഡയറക്ടർ നടത്തുന്നതെന്ന് സംഘടനകൾ കുറ്റപ്പെടുത്തി. മൂല്യനിർണയം ഉത്തരവാദിത്തമായി മാറിയ ശേഷം കോളേജ് അദ്ധ്യാപകർ 'അനുസരണയുള്ള നായ്ക്കളെപ്പോലെ' യാണെന്ന് അദ്ദേഹം കോഴിക്കോട്ട് നടത്തിയ പരാമർശത്തിലും പ്രതിഷേധിച്ചു. അദ്ധ്യാപക സമൂഹത്തെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും പരാമർശം പിൻവലിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. അതേസമയം, താൻ ആരെയും അവഹേളിച്ചിട്ടില്ലെന്നും തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ഡോ. എസ്.എസ്. വിവേകാനന്ദൻ പറഞ്ഞു.