photo

രാജ്യത്ത് ഏറ്റവുമധികം മരുന്ന് ഉപയോഗിക്കുന്നവരിൽ മലയാളികൾ മുന്നിലാണ്. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിലും കേരളം മുന്നിൽത്തന്നെ . അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു നൽകരുതെന്നാണ് ഔഷധശാലകൾക്കുള്ള നിർദ്ദേശം. എന്നാൽ അതൊന്നുമില്ലാതെ മെഡിക്കൽഷോപ്പുകളിൽ നിന്ന് ആർക്കും ഏതു മരുന്നും യഥേഷ്ടം വാങ്ങാനാവും. ഔഷധങ്ങളുടെ ദുരുപയോഗത്തിനെതിരെ ഇടയ്ക്കിടെ സർക്കാർ മുന്നറിയിപ്പു നൽകാറുണ്ട്. ഷെഡ്യൂൾഡ് പട്ടികയിൽപ്പെട്ട മരുന്നുകൾ കുറിപ്പടിയില്ലാതെ വിറ്റാൽ കർക്കശ നടപടി എടുക്കുമെന്നു പറയാറുണ്ടെങ്കിലും നടക്കാറില്ല.

കൊവിഡ് മഹാമാരിക്കു ശേഷം സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ എല്ലാത്തരം മരുന്നുകളുടെയും വില്പന വർദ്ധിച്ചിട്ടുണ്ട്. മെഡിക്കൽഷോപ്പുകളിൽ വിറ്റഴിക്കുന്ന മരുന്നുകളിൽ നല്ലൊരു ശതമാനവും കുറിപ്പടികളൊന്നുമില്ലാതെ വിറ്റുപോകുന്നവയാണ്. ആന്റിബയോട്ടിക് ഔഷധങ്ങളുടെ ഉപയോഗം കൊവിഡിനു ശേഷം ഇരുപതു ശതമാനം കൂടിയിട്ടുണ്ടെന്നാണ് പറയുന്നത്.

സ്വന്തം അഭീഷ്ടപ്രകാരം ആന്റിബയോട്ടിക്കുകൾ വാങ്ങിക്കഴിച്ച് രോഗശമനം തേടുന്നവരുടെ സംഖ്യ കൂടിവരികയാണ്. ഇതോടൊപ്പം മരുന്നുകളുടെ അമിതോപയോഗവും ദുരുപയോഗവും ജനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓരോ രോഗത്തിനനുസരിച്ചാണ് ഡോക്ടർമാർ മരുന്നു കുറിക്കാറുള്ളത്. ഒരിക്കൽ ഇങ്ങനെ നൽകുന്ന മരുന്ന് പിന്നീട് സ്വയം വാങ്ങി ഉപയോഗിക്കുന്ന പ്രവണത ഒരിക്കലും ആശാസ്യമല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. നിശ്ചിത ദിവസത്തേക്കു മാത്രം കഴിക്കാൻ കുറിച്ചുകൊടുക്കുന്ന മരുന്ന് തോന്നുംപടി കൂടുതൽ ദിവസം ഉപയോഗിക്കുന്നതും നിശ്ചിത ദിവസമെത്തും മുമ്പേ ഉപയോഗം നിറുത്തുന്നതും ഒരുപോലെ പ്രശ്നമുണ്ടാക്കും. സംസ്ഥാനത്ത് ആന്റിബയോട്ടിക് ഔഷധങ്ങളുടെ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തിയ വിദഗ്ദ്ധസമിതി ഇത്തരം പ്രവണത നിയന്ത്രിക്കാൻ കർശന നടപടിയുമായി ഇറങ്ങാൻ പോവുകയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്ന ഫാർമസികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾക്കാണ് മുതിരുന്നത്.

രണ്ടും മൂന്നും തവണ ആന്റിബയോട്ടിക് കഴിച്ചിട്ടും രോഗം മാറുന്നില്ലെന്ന പരാതി ഈയിടെ പതിവായി കേൾക്കാറുണ്ട്. ഡോക്ടറെ സമീപിക്കാതെ സ്വയം ചികിത്സയ്ക്കു മുതിരുന്നവരിൽ നിന്നാണ് കൂടുതലായും പരാതികൾ ഉയരാറുള്ളത്. ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകാത്തത് അതിന്റെ കുറ്റം കൊണ്ടാകണമെന്നില്ല. തെറ്റായ ഉപയോഗം കൊണ്ടാകാം. ചില നിയന്ത്രണങ്ങൾ അനിവാര്യമായിരിക്കുന്നു എന്നാണ് ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗത്തിൽ നിന്ന് മനസിലാകുന്നത്.

കുറിപ്പടിയില്ലാതെ ആളുകൾ മരുന്നു വാങ്ങിക്കഴിക്കുന്നതിനു പിന്നിൽ മറ്റൊരു യാഥാർത്ഥ്യം കൂടിയുണ്ട്. ആരോഗ്യമേഖലയിൽ രാജ്യത്ത് നമ്മുടെ സംസ്ഥാനം വളരെ ഉന്നതി പ്രാപിച്ചിട്ടുണ്ടെന്നതു ശരിയാണ്. അപ്പോഴും ചികിത്സയ്ക്കു വഴികാണാതെ കഷ്ടപ്പെടുന്നവരുടെ സംഖ്യ ഒട്ടും കുറവല്ലെന്ന വസ്തുത മറന്നുകൂടാ. സർക്കാർ ആശുപത്രികളിലെ വർദ്ധിച്ച തിരക്ക് ഇടത്തരക്കാരെ പലപ്പോഴും അകറ്റിനിറുത്തും. സ്വകാര്യ ആശുപത്രികളെയാവും ഇക്കൂട്ടർ ആശ്രയിക്കുക. ചെറിയൊരു പനിയുടെ ചികിത്സയ്ക്കുപോലും വൻതുക വേണ്ടിവരുന്ന സ്ഥിതിയാണിപ്പോൾ. പഴയ കുറിപ്പടിയുമായി ഔഷധശാലകളിൽ ചെന്ന് മരുന്നു വാങ്ങിക്കഴിച്ച് രോഗശമനത്തിനു ശ്രമിക്കുന്നവർ ഒട്ടും കുറവല്ല. നിശ്ചിത വരുമാനക്കാരെ സംബന്ധിച്ചിടത്തോളം രോഗവും ചികിത്സയുമൊക്കെ വലിയ ഭാരമായി മാറിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ചികിത്സാ സംവിധാനങ്ങൾ പരമാവധി മെച്ചപ്പെടുത്തുക മാത്രമാണ് ഇതിനു പോംവഴി. ആശുപത്രികളിൽ ഒ.പി സമയം വർദ്ധിപ്പിക്കണം. വൈകിട്ടും അതിനുള്ള സൗകര്യങ്ങളൊരുക്കണം. തദ്ദേശസ്ഥാപനങ്ങളുടെ കീഴിലും കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ തുറക്കാൻ കഴിഞ്ഞാൽ ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കും. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനൊപ്പം തന്നെ ജനങ്ങൾക്ക് വലിയതോതിൽ പണച്ചെലവില്ലാതെ ആതുരസേവനവും ഉറപ്പാക്കാൻ കഴിയണം. ഡോക്ടർമാരുടെ സേവനം എളുപ്പം ലഭ്യമാകുന്ന സാഹചര്യമുണ്ടായാൽ പഴയ കുറിപ്പടിയുമായി അധികമാരും മരുന്നുവാങ്ങാൻ മെഡിക്കൽഷോപ്പുകളിലേക്ക് ഓടുകയില്ല.