
തിരുവനന്തപുരം: തൂലികയെ തനിച്ചാക്കി പ്രിയ കവയിത്രി സുഗതകുമാരി നിത്യതയിലലിഞ്ഞ് രണ്ട് വർഷം തികയുമ്പോൾ വഞ്ചിയൂർ പാറ്റൂർ റോഡിലെ അഭയയുടെ ഭാഗമായ അത്താണിയിൽ എവിടെയും പ്രിയപ്പെട്ട ടീച്ചറമ്മയുടെ ഓർമ്മകളാണ്. സ്ത്രീകൾക്കായി സുഗതകുമാരി ഒരുക്കിയ ഹ്രസ്വകാല സംരക്ഷണ കേന്ദ്രമാണ് അത്താണി. നിർദ്ധനർ, തെരുവിൽ തള്ളപ്പെട്ടവർ, അനാഥർ, ശാരീരിക - മാനസിക ബുദ്ധിമുട്ടുള്ളവർ, ആരും ഏറ്റെടുക്കാത്ത രോഗികൾ അങ്ങനെ സുഗതകുമാരിയെ ഓർമ്മകളിൽ ജീവിക്കുന്ന നിരവധി പേരുണ്ട് ഇവിടെ.
രണ്ട് വയസുള്ളവർ മുതൽ പ്രായമായവർ വരെയായി പതിനാറ് അന്തേവാസികളുണ്ട്. മനോരോഗികൾക്കായി തച്ചോട്ട്കാവിൽ 'അഭയഗ്രാമവും" ലഹരിയ്ക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും കൗൺസലിംഗും നൽകുന്ന പൂജപ്പുരയിലെ 'ബോധിയും" പ്രവർത്തിക്കുന്നുണ്ട്. ലാളിത്യത്തെ ഓമനിച്ചിരുന്ന സുഗതകുമാരിയുടെ രണ്ടാം ചരമവാർഷികത്തിന് അഭയയിൽ ചെറിയൊരു ഒത്തുകൂടൽ മാത്രമായിരിക്കും ഉണ്ടാകുക.
ടീച്ചറില്ലാത്ത മൂന്നാമത്തെ ക്രിസ്‌മസ്
'ടീച്ചറമ്മയില്ലാത്ത മൂന്നാമത്തെ ക്രിസ്മസാണിത്. തിരക്കുണ്ടെങ്കിലും എല്ലാ ക്രിസ്‌മസിനും അഭയയിലേക്ക് ഓടിയെത്തുകയായിരുന്നു സുഗതകുമാരുടെ പതിവ്. സുഗതകുമാരിയുടെ സന്തതസഹചാരിയും അഭയ അത്താണിയുടെ വെൽഫെയർ ഓഫീസറുമായ ഹേമലതാ മേനോൻ ദുഃഖത്തോടെ ഓർത്തെടുത്തു. അത്താണിയുടെ മുറ്രത്ത് അന്ന് കരോളുകൾ എത്തുമായിരുന്നു. അന്തേവാസികളുടെ സന്തോഷത്തിനായി ഇക്കൊല്ലവും നക്ഷത്രം തൂക്കും. പുൽക്കൂടൊരുക്കും. കേക്ക് മുറിച്ച് പാട്ടുകൾ പാടും, ഹേമലത പറഞ്ഞു.
'തണലേകുന്ന മഹാവൃക്ഷമായി രണ്ട് വർഷം മുമ്പ് വരെ അമ്മയുണ്ടായിരുന്നു. അമ്മ തുടങ്ങി വച്ച അഭയ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകും".
- ലക്ഷ്മീ ദേവി, സുഗതകുമാരിയുടെ മകൾ
'ഖണ്ഡകാവ്യങ്ങൾ എഴുതിയ ടീച്ചറുടെ മഹാകാവ്യമാണ് അഭയ. അനുകമ്പയും ആത്മവിശ്വാസവും സമ്മേളിച്ച സ്ത്രീരൂപമായിരുന്നു ടീച്ചർ".
- ഹൈദർ അലി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അത്താണി.