ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി
തിരുവനന്തപുരം: നാലരക്കോടിയുടെ വെള്ളക്കുടിശിക അടയ്‌ക്കണമെന്നാവശ്യപ്പെട്ട് വഞ്ചിയൂർ ബാർ അസോസിയേഷനും അസോസിയേഷന് കീഴിലുള്ള കാന്റീനും വാട്ടർ അതോറിട്ടി നോട്ടീസ് നൽകിയത് നിരവധി തവണ. ഒറ്റത്തവണ തീർപ്പാക്കലിനുള്ള ആംനെസ്റ്റിയിലുൾപ്പെടുത്തി കുടിശിക ക്രമപ്പെടുത്താമെന്നു പറഞ്ഞിട്ടും അസോസിയേഷൻ അനങ്ങിയില്ല. ഒടുവിൽ അധികൃതർ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചെങ്കിലും സ്വന്തം നിലയിൽ അസോസിയേഷൻ കണക്ഷൻ പുനഃസ്ഥാപിക്കുകയായിരുന്നു.
വഞ്ചിയൂരിൽ ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബാർ അസോസിയേഷനിൽ (കൺസ്യൂമർ നമ്പർ:പി.സി.എച്ച് 3493/എൻ) 3.05 കോടിയും അസോസിയേഷന് കീഴിലുള്ള കാന്റീൻ (കൺസ്യൂമർ നമ്പർ:5608/എൻ) 1.38 കോടിയുമാണ് കുടിശികയുള്ളത്. ബാർ അസോസിയേഷൻ 2007ന് ശേഷവും കാന്റീൻ 2017ന് ശേഷവും കുടിശിക അടച്ചിട്ടില്ല. ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകിയിട്ടും അടയ്‌ക്കാത്തതോടെ ഇക്കഴിഞ്ഞ ജനുവരിയിൽ രണ്ട് കണക്ഷനുകളും വിച്ഛേദിച്ചു.
സാധാരണ കണക്ഷൻ കട്ട് ചെയ്‌താൽ രണ്ട് ദിവസത്തിനകം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ഉപഭോക്താവ് വാട്ടർ അതോറിട്ടിയെ സമീപിക്കുകയാണ് പതിവ്. എന്നാൽ ബാർ അസോസിയേഷനിൽ നിന്ന് നീക്കങ്ങളൊന്നും ഉണ്ടാകാതിരുന്നതിനെ തുടർന്ന് ജനുവരി 12ന് മീറ്റർ ഇൻസ്‌പെക്ടർ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ വിച്ഛേദിച്ച രണ്ട് കണക്ഷനുകൾ പുനഃസ്ഥാപിച്ച് ജലമോഷണം നടത്തുന്നതായി കണ്ടെത്തി. ഇത് വിച്ഛേദിക്കാൻ ശ്രമിച്ചപ്പോൾ അഭിഭാഷകരും ജീവനക്കാരും ചേർന്ന് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥൻ പിൻവാങ്ങി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
50,000 രൂപ പിഴ
ആദ്യമായി നടത്തിയ ജലമോഷണമെന്ന നിലയിൽ രണ്ട് കണക്ഷനുകൾക്കുമായി 50,000 രൂപ വീതം പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി നോട്ടീസ് നൽകി. വെള്ളക്കുടിശികയും പിഴയും അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയിലേക്ക് നീങ്ങാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം.