ശിവഗിരി : രാഷ്ട്രപിതാവായ മാഹാത്മാഗാന്ധിക്ക് ഏകതാബോധം പകർന്നു നൽകിയത് ശ്രീനാരായണ ഗുരുദേവനായിരുന്നുവെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് അംഗം സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.
ഗുരുദേവനെ സന്ദർശിക്കുന്നതു വരെ ഗാന്ധിജി ചാതുർ വർണ്യ വ്യവസ്ഥിതിയോട് യോജിച്ചിരുന്നു. ഗുരുവുമായുള്ള സംഭാഷണ മദ്ധ്യേ ശിവഗിരിയിലെ മാവിന്റെ ഇല ചൂണ്ടിക്കാട്ടി ഇലയുടെ രൂപഭേദം പോലെ ജാതി പ്രകൃതി നിയമമാണെന്ന് വാദിച്ച ഗാന്ധിജിയോട് ഇല ഏത് പ്രകാരമായാലും അവയുടെ ചാറിന് ഒരേ രുചിയാണെന്നായിരുന്നു ഗുരുവിന്റെ മറുപടി. ഈ വാദം സ്വീകരിച്ചാണ് മഹാത്മജി ശിവഗിരിയിൽ നിന്ന് മടങ്ങിയത്.
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന ഗുരുധർമ്മ പ്രബോധനത്തിൽ 'ബ്രഹ്മവിദ്യാലയം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
ലോകത്തിന് തന്നെ ഏകതാബോധം പകരുന്ന കേന്ദ്രമാണ് ശിവഗിരിയിലെ ബ്രഹ്മവിദ്യാലയം. ഈ മതമഹാപാഠശാലയിൽ നിന്ന് പകർന്നു നൽകുന്ന അറിവ് മാനവകുലത്തിന്റെ സമുദ്ധാരണത്തിനും ഐക്യത്തിനും ഉതകുംവിധമാണെന്നും അസംഗാനന്ദഗിരി പറഞ്ഞു.
സ്വാമി ശിവനാരായണ തീർത്ഥ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം പി.ആർ.ഒ. ഇ.എം. സോമനാഥൻ പ്രസംഗിച്ചു.