ആറ്റിങ്ങൽ: ഉത്പാദിപ്പിച്ച കയറിന് വിപണി കണ്ടെത്താൻ കഴിയാതെവന്നത് കയർ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. വിവിധ കയർ സംഘങ്ങളിൽ കയറും കയർ ഉത്പന്നങ്ങളും കെട്ടിക്കിടക്കുകയാണ്. സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന കയറും കയർ ഉത്പന്നങ്ങളും കയർഫെഡും കയർ കോർപ്പറേഷനും സംഭരിക്കാൻ തയാറാകാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാൽ കയർ ഫെഡ് സംഭരിച്ച ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ ഗോഡൗണിൽ തന്നെ കെട്ടിക്കിടക്കുകയാണ്. കയർ കോർപ്പറേഷനിലും കയർ സഹകരണ സംഘങ്ങളിലും ഏകദേശം 70 കോടി രൂപയിലധികം വിലയുള്ള കയർ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരം. കുറഞ്ഞ വിലയ്ക്കാണ് സംഘങ്ങളിൽനിന്ന് കയർഫെഡ് ഇപ്പോൾ കയർ വാങ്ങുന്നത്. ഇത് സംഘങ്ങളുടെ പ്രവർത്തനങ്ങളെയും സാമ്പത്തിക നിലയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. മുന്നോട്ടുപോകാൻ കഴിയാത്ത പ്രതിസന്ധിയാണ് ചിറയിൻകീഴ് താലൂക്കിലെ സംഘങ്ങൾ ഉൾപ്പെടെ നേരിടുന്നത്. കയർ വില കുറയ്ക്കാൻ കയർഫെഡ് തീരുമാനിച്ചത് സർക്കാർ അംഗീകരിച്ചിട്ടില്ലെന്നാണ് ഈ മേഖലയിലുളളവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കുറഞ്ഞ വിലയ്ക്ക് മാത്രമേ കയർ സംഭരണം നടക്കുന്നുള്ളൂ. വാങ്ങുന്ന വിലയേക്കാൾ വില്പന വിലയിൽ കുറവുവരുന്ന തുക വില നിയന്ത്രണ ഫണ്ടിൽ നിന്ന് നൽകി വില്പന വിലയിലുണ്ടാകുന്ന നഷ്ടം നികത്തുന്ന രീതിയാണ് മുൻപ് അനുവർത്തിച്ചുവന്നിരുന്നത്. പരമ്പാരാഗത രീതി മാറി തൊണ്ട് തല്ലുന്നതുവരെ യന്ത്രവത്കൃതമാക്കിയതോടെ കയറുത്പാദനവും കൂടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വിവിധ സംഘങ്ങളിൽ തന്നെ 110 സ്പിന്നിംഗ് മെഷീനുകളുണ്ട്. 2019ൽ കയർമേഖലയെ സംരക്ഷിക്കാനും പരിഭോഷിപ്പിക്കാനും വേണ്ടി വയൽ, നദിക്കര, തോട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കയർ ഭൂവസ്ത്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചെങ്കിലും തുടർ വർഷങ്ങളിൽ ബന്ധപ്പെട്ടവർ മൗനം പാലിച്ചത് കയർ മേഖലയ്ക്ക് തിരിച്ചടിയായി. കയറിന്റെ സംഭരണവിലയിൽ ഒരു ക്വിന്റൽ കയറിന് 720 മുതൽ 1600 രൂപ വരെ കയർഫെഡ് കുറവ് വരുത്തിയെന്നതാണ് സംഘങ്ങളുടെ പരാതി. കാലാകാലങ്ങളിൽ ഇവർക്ക് നൽകിവരുന്ന പല ആനുകൂല്യങ്ങളും ഇപ്പോൾ നൽകുന്നില്ല. പ്രവർത്തനമൂലധനവും സെക്രട്ടറിമാരുടെ ശമ്പളത്തിന്റെ ഭാഗമായി നൽകിവരുന്ന മാനേജീരിയൽ ഗ്രാന്റും രണ്ട് വർഷമായി നൽകുന്നില്ല. കയറുത്പന്നങ്ങളുടെ കയറ്റുമതി മുൻവർഷത്തേക്കാൾ 17.6% വളർച്ചാനിരക്കാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ അതിന്റെ പ്രയോജനം യഥാർത്ഥ കയർത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ഇൻകം സപ്പോർട്ട് സ്‌കീം, പ്രവർത്തനമൂലധനം എന്നിവയിലെ പിന്തുണയും ഉത്പന്നം ഏറ്റെടുക്കലും അടിയന്തരമായി ചെയ്തില്ലെങ്കിൽ ബാക്കിയുള്ള കയർ സംഘങ്ങൾ കൂടി പൂട്ടുമെന്ന അവസ്ഥ വരും.

 ചെലവിനനുസരിച്ച് വരുമാനമില്ല

നിലവിൽ ഒരു കിലോ കയറുത്പാദിപ്പിക്കുന്നതിന് 52 മുതൽ 60 രൂപ വരെ ചെലവ് വരുന്നുണ്ട്. പുറംമാർക്കറ്റിൽ നിന്ന് ചകിരി വാങ്ങി കയർ ഉത്പാദിപ്പിച്ചാണ് കയർ സംഘങ്ങൾ പ്രവർത്തിക്കുന്നത്. കയർഫെഡ് കയർ വാങ്ങാത്തതിനാൽ കയർ സംഘങ്ങളുടെ ഗോഡൗണുകളിലെ കയറുകളും കയർ ഉത്പന്നങ്ങളും കെട്ടിക്കിടക്കുകയാണ്. കയർത്തൊഴിലാളികൾക്ക് കൂലിയോ ചകിരിവിലയോ നൽകാൻ കഴിയാത്ത അവസ്ഥയുമാണ്. പുറംമാർക്കറ്റിനേക്കാൾ ഒരു കിലോ ചകിരിക്ക് 5.50 രൂപ വരെ വില കൂട്ടിയാണ് സ്വകാര്യ ചകിരിമില്ലുകാരിൽ നിന്ന് കയർഫെഡ് മുഖേന കയർ സംഘങ്ങൾക്ക് നൽകുന്നതെന്നും ആക്ഷേപമുണ്ട്. 2019ൽ നിശ്ചയിച്ച കൂലിവർദ്ധനവിന്റെ ഭാഗമായി ഒരു ക്വിന്റൽ കയർ ഉത്പാദിപ്പിക്കുമ്പോൾ 750 രൂപ സംഘങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരുന്നതിനാൽ സംഘങ്ങളുടെ മൂലധനം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.